സംസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക ഗവേഷണവും വ്യവസായ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടി നാളെ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഈ പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ-സംരംഭക-സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവ പങ്കെടുക്കും. ഗവേഷണ കണ്ടെത്തലുകളെ വ്യാവസായിക തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി ഗവേഷകർ, സ്ഥാപനങ്ങൾ, സംരംഭകർ, നിക്ഷേപകർ എന്നിവർ തമ്മിൽ ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്നതും ഉച്ചകോടിയിൽ നടക്കും.
ഗവേഷണ-വ്യവസായ സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കുക, ആഗോള നിലവാരത്തിലുള്ള ഗവേഷണ കണ്ടെത്തലുകൾക്ക് വ്യാവസായിക പിന്തുണ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഗവേഷകർ, വ്യവസായികൾ, നിക്ഷേപകർ, നവസംരംഭങ്ങൾ എന്നിവർ തമ്മിലുള്ള കൂട്ടായ്മ വളർത്തി സംസ്ഥാനത്തെ ഗവേഷണ-വ്യവസായിക പരിസ്ഥിതിയെ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
പുതിയ സാങ്കേതികവിദ്യകൾ, പ്രോട്ടോടൈപ്പുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗവേഷണ കണ്ടെത്തലുകൾക്ക് വ്യാവസായിക പിന്തുണ നൽകാനും വിപണിയിലേക്ക് എത്തിക്കാനും ഉച്ചകോടി സഹായകമാകും. പ്രായോഗികവും വാണിജ്യസാധ്യതകളുള്ള ഗവേഷണ പദ്ധതികളെ തിരിച്ചറിഞ്ഞ്, അവയ്ക്കാവശ്യമായ നിക്ഷേപ-നിർമാണ-വിതരണ പിന്തുണ നൽകുന്നതിനുള്ള പദ്ധതികൾ ഉച്ചകോടിയിൽ രൂപപ്പെടുത്തും.ഉദ്ഘാടന സെഷനുശേഷം ഗവേഷണ കണ്ടെത്തലുകളുടെ അവതരണങ്ങൾ, വ്യവസായ പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങൾ, ബിസിനസ് ടു ബിസിനസ് മീറ്റിംഗുകൾ, വിജയകഥകളുടെ അവതരണങ്ങൾ, പാനൽ ചർച്ചകൾ, ധാരണാപത്ര ഒപ്പിടൽ എന്നിവയും നടക്കും.

