ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഹെലി ടൂറിസത്തിന്റെ കരടു നയം തയാറായി. വിമാനത്താവളങ്ങളെയും എയർ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണു തുടക്കത്തിൽ ആലോചിക്കുന്നത്.
പദ്ധതിയുടെ സാധ്യത മനസ്സിലാക്കിയശേഷം കൂടുതൽ എയർ സ്ട്രിപ്പുകൾ തുടങ്ങും. കേരളത്തിൽ ഹെലി ടൂറിസം നടപ്പാക്കുന്നതിനുള്ള താൽപര്യമറിയിച്ചു ചില ഏജൻസികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നയം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇടുക്കി പീരുമേട്ടിലാണു നിലവിൽ എയർസ്ട്രിപ് വികസിപ്പിച്ചിട്ടുള്ളത്. ബേക്കലിലും വയനാട്ടിലും എയർസ്ട്രിപ് പരിഗണനയിലുണ്ട്. മത്സരാധിഷ്ഠിത ടെൻഡർ വിളിച്ച് ഏതെങ്കിലും ഏജൻസികളെ നടത്തിപ്പിനു ചുമതലപ്പെടുത്താനാണുദ്ദേശിക്കുന്നത്. ഹെലി ടൂറിസം ചെലവേറിയതാണെങ്കിലും സമയലാഭമുള്ളതിനാൽ വിദേശസഞ്ചാരികൾ പണം മുടക്കാൻ തയാറാകും.

