മെയ്ക്ക് ഇൻ കേരള പദ്ധതി, 1000 കോടി രൂപ അനുവദിക്കും; മന്ത്രി കെ എൻ ബാല​ഗോപാൽ

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോ​ഗിക പദ്ധതി രൂപീകരിക്കും. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും. സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായം നൽകും. മെയ്ക്ക് ഇൻ കേരളയുമായി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ഒട്ടേറെ ഘടകങ്ങൾ കേരളത്തിലുണ്ട്.