ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസര്‍ച്ചിന് മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി.
ഹിൻഡൻ ബർഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളിൽ 68 നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ടെന്നും ശേഷിച്ച 20 ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തേക്കുറിച്ചാണെന്നും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നുമാണ് മറുപടിയിലുള്ളത്. കോടതി തീർപ്പാക്കിയ കേസുകൾ വരെയാണ് പുതിയ ആരോപണം പോലെ അവതരിപ്പിക്കുന്നത്. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിക്കുന്നു.
അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചുളള റിപ്പോർട്ടിന്റെ അവസാനം അക്കമിട്ട് 88 ചോദ്യങ്ങൾ ഹിൻഡൻ ബെർഗ് റിസേർച്ച് ഉന്നയിക്കുന്നുണ്ട്. എന്നാൽ റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകൾ തള്ളി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഒരു ചോദ്യത്തിന് പോലും മറുപടിയില്ലെന്നത് ഹിൻഡൻ ബർഗും ആയുധമാക്കിയിരുന്നു. നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പിന് തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതെന്നുമായിരുന്നു ഹിൻഡൻ ബർഗ് ഉയര്‍ത്തിയ ചോദ്യം.

