ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,200 പിന്നിട്ടു. സെന്‍സെക്‌സ് 159 പോയന്റ് ഉയര്‍ന്ന് 61,293ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 18,234 ലുംമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികളിലെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 2022ലെ അവസാന വ്യാപാര ദിനമാണ് പിന്നിടുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച, ആഭ്യന്തര നിക്ഷേപകരുടെ ഇടപെടല്‍ എന്നിവയാണ് മറ്റ് വിപണികളെ അപേക്ഷിച്ച് രാജ്യത്തെ സൂചികകള്‍ക്ക് 2022ല്‍ തുണയായത്. യുഎസ് സൂചികകള്‍ ഉള്‍പ്പടെയുള്ളവ 10-20ശതമാനം തിരുത്തല്‍ നേരിട്ടപ്പോള്‍ നിഫ്റ്റി 4.9ശതമാനം ഉയരുകയാണുണ്ടായത്.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.