സംസ്ഥാനത്തെ ഗാർഹിക പുരപ്പുറ സോളർ ഉപയോക്താക്കൾക്ക് ഈമാസം അവസാനത്തോടെ നെറ്റ് മീറ്ററുകൾ പൂർണമായി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. നെറ്റ് മീറ്ററുകളുടെ ക്ഷാമം മൂലം മാസങ്ങളായി ബുദ്ധിമുട്ട് നേരിടുന്ന ഉപയോക്താക്കൾക്ക് ആശ്വാസമേകുന്നതാണ് നടപടി.82,000 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകൾക്കും 21,000 ത്രീ ഫേസ് നെറ്റ് മീറ്ററുകൾക്കുമാണ് ഓർഡർ നൽകിയിട്ടുള്ളത്. ഇതിൽ 28,700 സിംഗിൾ ഫേസ് മീറ്ററുകൾ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ എത്തിച്ചിട്ടുണ്ട്. ഇവയുടെ വിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ബാക്കിയുള്ള 24,600 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകൾ നവംബറിൽ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ 6,300 ത്രീ ഫേസ് നെറ്റ് മീറ്ററുകളും ഈമാസം വിതരണം ചെയ്യും. ശേഷിക്കുന്ന മീറ്ററുകൾ ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.നെറ്റ് മീറ്ററുകൾ ലഭിക്കാത്തതിനെത്തുടർന്ന് പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിച്ച നിരവധി ഗാർഹിക ഉപയോക്താക്കൾ മാസങ്ങളായി പ്രയാസം നേരിടുന്നുണ്ട്. പുതിയ വിതരണ നടപടികൾ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പുരപ്പുറ സോളർ സ്ഥാപിച്ച വീടുകൾ 3.84 ലക്ഷം
കേന്ദ്ര സർക്കാരിന്റെ പിഎം സൂര്യഘർ: മുഫ്ത് ബിജ്ലി യോജന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പുരപ്പുറ സോളർ സ്ഥാപിച്ച വീടുകളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 3.84 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഇവയുടെ ആകെ സ്ഥാപിത ഉൽപാദനശേഷി 1,458.21 മെഗാവാട്ടാണ്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഇതുവരെ 2,395.07 കോടി രൂപ സബ്സിഡിയായി ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

