മൊബൈൽ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമാകുന്ന നിർണായക തീരുമാനം ഉടൻ ഉണ്ടായേക്കും. ₹25,000 വരെ വിലയുള്ള മൊബൈൽ ഫോണുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ 12ന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുക. തീരുമാനം നടപ്പായാൽ മൊബൈൽ ഫോൺ വിലയിൽ കാര്യമായ കുറവുണ്ടാകാനും ഉപഭോക്താക്കൾക്ക് വലിയ നേട്ടമാകാനും സാധ്യതയുണ്ട്.എന്നാൽ ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലെ അജൻഡ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനാൽ നികുതി കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
വിലക്കയറ്റത്തിൽ തളർന്ന സ്മാർട്ഫോൺ വിപണി
ആഗോള വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് മെമ്മറി ചിപ്പുകളുടെ വില ഉയർന്നതോടെ സ്മാർട്ഫോൺ നിർമാതാക്കൾ വിവിധ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. മോഡലുകൾക്കനുസരിച്ച് ഏകദേശം ₹500 മുതൽ ₹12,000 വരെ വില ഉയർന്നതായാണ് റിപ്പോർട്ടുകൾ.വിലക്കയറ്റം വിൽപനയെയും ബാധിച്ചു. ഈ വർഷം ജനുവരി–മാർച്ച് കാലയളവിൽ സ്മാർട്ഫോൺ വിൽപന 7.9 ശതമാനം കുറഞ്ഞപ്പോൾ, ഏപ്രിൽ–ജൂൺ പാദത്തിൽ ഇടിവ് 11.1 ശതമാനമായി വർധിച്ചു.ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോണുകളുടെ ജിഎസ്ടി കുറയ്ക്കാനുള്ള നീക്കം. നികുതി കുറയുന്നത് വിലയിൽ പ്രതിഫലിച്ചാൽ വിപണിയിലെ ഡിമാൻഡ് വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജിഎസ്ടി രജിസ്ട്രേഷനും പരിഗണനയിൽ
₹2.5 ലക്ഷം വരെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ക്ലെയിം ചെയ്യുന്ന കമ്പനികളുടെ ജിഎസ്ടി രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതും സെപ്റ്റംബർ 12ലെ യോഗത്തിൽ ചർച്ച ചെയ്തേക്കും.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതിന് മുൻപ് ജിഎസ്ടി കൗൺസിൽ നിർണായക യോഗം ചേർന്നത്. അന്ന് ജിഎസ്ടി 2.0 അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സ്ലാബ് ഘടനയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്.
12%, 28% സ്ലാബുകൾ ഒഴിവാക്കി
2017ൽ ജിഎസ്ടി അവതരിപ്പിച്ചപ്പോൾ 5%, 12%, 18%, 28% എന്നിങ്ങനെ നാല് പ്രധാന നികുതി സ്ലാബുകളായിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ വർഷത്തെ പരിഷ്കാരത്തിൽ 12%, 28% സ്ലാബുകൾ ഒഴിവാക്കി. ഈ സ്ലാബുകളിലുണ്ടായിരുന്ന ഉൽപന്നങ്ങളും സേവനങ്ങളും പ്രധാനമായും 5%, 18% സ്ലാബുകളിലേക്ക് മാറ്റി.
അതേസമയം, ആഡംബര ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പുറമെ സിഗരറ്റ് പോലുള്ള ഉപഭോഗം നിരുത്സാഹപ്പെടുത്തേണ്ട ഉൽപന്നങ്ങൾക്കും 40 ശതമാനം പ്രത്യേക ജിഎസ്ടി സ്ലാബ് ഏർപ്പെടുത്തി.
ഇത്തവണ മൊബൈൽ ഫോണുകളുടെ നികുതി കുറയ്ക്കാനുള്ള തീരുമാനം കൂടി ഉണ്ടായാൽ, ജിഎസ്ടി പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തിലെ പ്രധാന നീക്കമായി ഇത് മാറും.

