അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിന് അതിഥികളല്ലെന്നും സഹോദരങ്ങളും കുടുംബാംഗങ്ങളുമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. അറബ് രാജ്യങ്ങളും കേരളവും തമ്മിലുള്ള ടൂറിസം ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത മാസം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ഇന്തോ–അറബ് കണക്ട്’ ടൂർ ഓപ്പറേറ്റർമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അറബ് വിപണിയിൽ കൂടുതൽ സാധ്യത
അറബ് വിപണിയിൽ കേരള ടൂറിസത്തിന് ഇനിയും വലിയ സാധ്യതകളുണ്ടെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇ.എം. നജീബ്, ജോയി ആന്റണി, ഡോ. മുഹമ്മദ് ഫർഹാദ്, രാഹുൽ ടോം, അമർജിത് മേനോൻ, ബേബി മാത്യു, തേജസ്സ് നമ്പ്യാർ തുടങ്ങിയവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
10 അറബ് രാജ്യങ്ങളിൽ നിന്ന് 175 പ്രതിനിധികൾ
ഇന്തോ–അറബ് കണക്ടിന്റെ ഭാഗമായി നടന്ന ബി2ബി സംഗമത്തിൽ സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, ജോർദാൻ, ഖത്തർ, യുഎഇ ഉൾപ്പെടെ 10 അറബ് രാജ്യങ്ങളിൽ നിന്നുള്ള 175 ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും പങ്കെടുത്തു.കേരളത്തിന്റെ പ്രകൃതി, ആയുർവേദം, സംസ്കാരം, സാഹസിക ടൂറിസം, തീരദേശ വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ അറബ് വിപണിയിൽ കൂടുതൽ പ്രചരിപ്പിച്ച് സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

