പത്തുവർഷം കൊണ്ട് ഇന്ത്യയുടെ പണമിടപാട് രീതിയെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ). 2016 ഓഗസ്റ്റ് 25ന് ആരംഭിച്ച യുപിഐ, ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഏറ്റവും വലിയ വിജയകഥകളിലൊന്നായി മാറിക്കഴിഞ്ഞു.യുപിഐ ഇടപാടുകളുടെ മൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ വെറും 0.07 ലക്ഷം കോടി രൂപയിൽ നിന്ന്, 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 314 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത്, പത്തുവർഷത്തിനിടെ ഇടപാട് മൂല്യത്തിൽ 4,000 ഇരട്ടിയിലേറെ വളർച്ച.ഇടപാടുകളുടെ എണ്ണത്തിലും സമാനമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2016-17ൽ 1.78 കോടി ഇടപാടുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, 2025-26ൽ ഇത് 24,162 കോടിയിലേറെ ഇടപാടുകളായി ഉയർന്നു. ഏകദേശം 13,000 മടങ്ങിന്റെ വർധന.കഴിഞ്ഞ മാസം യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡും കുറിച്ചു. ഇന്ത്യയിൽ പ്രതിദിനം ശരാശരി 76.3 കോടി പേയ്മെന്റുകൾ നടന്നു. മാസത്തിൽ ആകെ 2,366 കോടി യുപിഐ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇടപാടുകളുടെ മൊത്തം മൂല്യം ഏകദേശം 2,988 ലക്ഷം കോടി രൂപ.
അതിർത്തികൾ കടന്ന് യുപിഐ
ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ യുപിഐയുടെ സേവനം ഇപ്പോൾ ആഗോളതലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ, മൗറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാലദ്വീപ് എന്നീ 11 രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണ്.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുപിഐയുടെ രാജ്യാന്തര വ്യാപനം.
യുപിഐ കുതിച്ചിട്ടും കറൻസിക്കും റെക്കോർഡ്
ഡിജിറ്റൽ ഇടപാടുകൾ റെക്കോർഡ് വേഗത്തിൽ വളരുമ്പോഴും രാജ്യത്തെ കറൻസി ഉപയോഗത്തിൽ കുറവുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഇക്കഴിഞ്ഞ മേയിൽ രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന കറൻസിയുടെ മൂല്യം 43.02 ലക്ഷം കോടി രൂപയിലെത്തി. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.തൊട്ടുമുൻ വർഷത്തെ മേയിൽ കറൻസി വിനിമയം 38.35 ലക്ഷം കോടി രൂപയായിരുന്നു. ഒരു വർഷത്തിനിടെ കറൻസി വിനിമയത്തിന്റെ അളവിൽ വലിയ വർധനയാണ് ഉണ്ടായത്.യുപിഐ ഇടപാടുകൾ അതിവേഗം വളരുമ്പോഴും പണമായി നടത്തുന്ന ഇടപാടുകൾ ഇന്ത്യയിൽ ഇപ്പോഴും ശക്തമായി തുടരുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റും കറൻസി ഇടപാടുകളും ഒരേസമയം വളരുന്ന ഇന്ത്യയുടെ വ്യത്യസ്തമായ സാമ്പത്തിക പ്രവണതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അടുത്തിടെ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട സർവീസ് ചാർജ് സംബന്ധിച്ച ചർച്ചകളും ശക്തമായിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപനം കൂടുതൽ ഉയരുന്ന സാഹചര്യത്തിലും, കറൻസിയുടെ ആവശ്യകതയിൽ കുറവുണ്ടാകുന്നില്ലെന്നതാണ് ഏറ്റവും പുതിയ കണക്കുകൾ നൽകുന്ന പ്രധാന സൂചന.
