എൻആർഐ നിക്ഷേപത്തിൽ 23% ഇടിവ്; പ്രവാസിപ്പണം പോയത് ‘പുതിയ അക്കൗണ്ടിലേക്ക്’

പ്രവാസികൾ നിക്ഷേപ തന്ത്രം മാറ്റിയതോടെ ഇന്ത്യയിലെ എൻആർഐ നിക്ഷേപത്തിൽ കനത്ത ഇടിവ്. നടപ്പു സാമ്പത്തിക വർഷമായ 2026-27ന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂണിൽ എൻആർഇ (നോൺ-റസിഡന്റ് എക്സ്റ്റേണൽ) അക്കൗണ്ടുകളിലേക്ക് എത്തിയ പ്രവാസിപ്പണം 93% ഇടിഞ്ഞ് 0.14 ബില്യൺ ഡോളറായി. അതേസമയം, നോൺ-റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകളിലേക്ക് 0.9 ബില്യൺ ഡോളറും എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ എൻആർഐ നിക്ഷേപം കഴിഞ്ഞ പാദത്തിൽ 23% ഇടിഞ്ഞ് 2.77 ബില്യൺ ഡോളറായി. 2025-26ലെ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലേക്ക് 3.61 ബില്യൺ ഡോളറിന്റെ എൻആർഐ നിക്ഷേപം എത്തിയിരുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.എന്നാൽ, പ്രവാസികളുടെ പണം ഇന്ത്യയിൽ നിന്ന് അകന്നതല്ല; നിക്ഷേപത്തിന്റെ വഴിയാണ് മാറിയത്. ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് വിദേശനാണയ ശേഖരത്തിലും രൂപയിലും ഉണ്ടായ സമ്മർദം നേരിടാൻ റിസർവ് ബാങ്ക് അവതരിപ്പിച്ച പ്രത്യേക ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ (ബി) നിക്ഷേപ പദ്ധതിയിലേക്കാണ് പ്രവാസിപ്പണത്തിന്റെ വലിയൊരു ഭാഗം ഒഴുകിയത്.

സെപ്റ്റംബർ വരെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുമെന്ന ആകർഷകമായ ആനുകൂല്യം പ്രഖ്യാപിച്ചതോടെ പ്രവാസികൾ എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണമെത്തിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ ഈ അക്കൗണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 124% ഉയർന്ന് 1.73 ബില്യൺ ഡോളറായി. മുൻവർഷത്തെ സമാന കാലയളവിൽ ഇത് വെറും 774 മില്യൺ ഡോളറായിരുന്നു.
ഇതോടെ എൻആർഇ അക്കൗണ്ടുകളിലെ ഇടിവിന് പിന്നിലെ ചിത്രം കൂടുതൽ വ്യക്തമാകുന്നു. പരമ്പരാഗത എൻആർഐ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് കുറഞ്ഞെങ്കിലും, എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്കുള്ള ഒഴുക്ക് കുത്തനെ വർധിച്ചു.

എൻആർഇ, എൻആർഒ, എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ആകെ എൻആർഐ നിക്ഷേപം 168.50 ബില്യൺ ഡോളറാണ്. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 168.32 ബില്യൺ ഡോളറായിരുന്നു. അതായത്, ആകെ നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല. അതേസമയം, എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 33.58 ബില്യൺ ഡോളറിൽ നിന്ന് 35.48 ബില്യൺ ഡോളറായി ഉയർന്നു.
നിലപാട് മാറ്റി റിസർവ് ബാങ്ക്; പദ്ധതി നേരത്തേ അവസാനിപ്പിച്ചു

എഫ്സിഎൻആർ (ബി) അക്കൗണ്ടുകൾക്ക് പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യം സെപ്റ്റംബർ 30 വരെ ലഭിക്കുമെന്നായിരുന്നു ജൂണിൽ റിസർവ് ബാങ്ക് അറിയിച്ചിരുന്നത്. പദ്ധതി കാലാവധി തീരുന്നതിന് മുൻപ് പിൻവലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിരുന്നു.എന്നാൽ പിന്നീട് റിസർവ് ബാങ്ക് നിലപാട് മാറ്റി. പ്രത്യേക ആനുകൂല്യം ഓഗസ്റ്റ് 31ഓടെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ 30 ബില്യൺ ഡോളറും പിന്നീട് 50 ബില്യൺ ഡോളറും സമാഹരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രവാസികളിൽ നിന്ന് ലഭിച്ച പ്രതികരണം പ്രതീക്ഷിച്ചതിലും വലുതായി.

പദ്ധതിയിലേക്ക് 70 ബില്യൺ ഡോളറിലേറെ ഒഴുകിയെത്തിയതോടെയാണ് ആനുകൂല്യം നേരത്തേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഓഗസ്റ്റ് 21 വരെയുള്ള കണക്കുപ്രകാരം, റിസർവ് ബാങ്കിന്റെ പ്രത്യേക ഇളവ് പദ്ധതിയിലേക്ക് മാത്രം 72.85 ബില്യൺ ഡോളറാണ് പ്രവാസിപ്പണമായി എത്തിയിരിക്കുന്നത്.
അതിനാൽ, എൻആർഐ നിക്ഷേപത്തിലെ ഇടിവ് പ്രവാസികൾ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് കുറച്ചതിന്റെ മാത്രം സൂചനയല്ല. എവിടെ നിക്ഷേപിക്കണമെന്ന പ്രവാസികളുടെ തന്ത്രപരമായ മാറ്റമാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *