മോദിയുടെ ‘ഫന്റാസ്റ്റിക് 4’; ആഗോള വിപണി പിടിക്കാൻ നാല് പേരെ രംഗത്തിറക്കി, ചൈനയെ ‘വീഴ്ത്താൻ’ ഡോവൽ

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടയ്ക്കിടെ ഉയർത്തുന്ന ഉപരോധ-തീരുവ വെല്ലുവിളികളും ആഗോള സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കുന്നതിനിടെ, പുതിയ തന്ത്രവുമായി ഇന്ത്യ. വിദേശ നിക്ഷേപം, സാങ്കേതിക സഹകരണം, ഊർജ ലഭ്യത തുടങ്ങിയ നിർണായക മേഖലകളിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നാല് പ്രമുഖരെയാണ് നരേന്ദ്ര മോദി സർക്കാർ തന്ത്രപ്രധാന രാജ്യങ്ങളിലേക്ക് ചർച്ചകൾക്കായി നിയോഗിച്ചിരിക്കുന്നത്.

സെപ്റ്റംബർ 12, 13 തീയതികളിൽ ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി വേദിയാകാനിരിക്കെയാണ് നാല് പേരുടെയും നിർണായക വിദേശയാത്രകൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്നാണ് ഇംഗ്ലീഷ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തന്ത്രപ്രധാനവും വാണിജ്യ-സാമ്പത്തിക മേഖലകളിൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നതുമായ രാജ്യങ്ങളിലേക്കാണ് പ്രധാന ചർച്ചകൾക്കായി കേന്ദ്രമന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അയച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മോസ്കോയിലെത്തി. ധനമന്ത്രി നിർമല സീതാരാമൻ യുഎസും കാനഡയും സന്ദർശിക്കുന്നു. വാണിജ്യമന്ത്രി പീയുഷ് ഗോയൽ ജപ്പാനിലേക്കാണ് പോയത്. ചൈനയുമായുള്ള ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്.

ചൈനയുമായുള്ള വാണിജ്യ-നിക്ഷേപ ബന്ധങ്ങൾക്കൊപ്പം അതിർത്തി വിഷയങ്ങളും ഡോവലിന്റെ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. റഷ്യയുമായുള്ള ചർച്ചകളിൽ ജയശങ്കർ പ്രധാനമായും ക്രൂഡോയിൽ, വളം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റഷ്യയുമായുള്ള ഇന്ത്യയുടെ ഭീമമായ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനൊപ്പം റഷ്യൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സുഗമമായ പ്രവേശനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

ജാപ്പനീസ് കമ്പനികളുടെ നിക്ഷേപം ഇന്ത്യൻ നിർമാണ മേഖലയിലേക്ക് ആകർഷിക്കുകയാണ് പീയുഷ് ഗോയലിന്റെ പ്രധാന ദൗത്യം. സംയുക്ത സംരംഭങ്ങൾ, കപ്പൽ നിർമാണ മേഖലയിലെ സഹകരണം, സെമികണ്ടക്ടർ (ചിപ്) നിർമാണ രംഗത്തെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.
നേരിട്ടുള്ള വിദേശനിക്ഷേപം വർധിപ്പിക്കുക, ധനകാര്യ-ഫിൻടെക് സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിർമല സീതാരാമന്റെ യുഎസ്-കാനഡ സന്ദർശനം. ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തി പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ശ്രമം.
അതേസമയം, ഷി ജിൻപിങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ), കയറ്റുമതി കേന്ദ്രീകൃത മേഖലകൾ എന്നിവയിലേക്ക് ചൈനീസ് നിക്ഷേപം എത്താനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം നാലിരട്ടിയോളം ഉയർന്ന് 60 ബില്യൺ ഡോളറിലെത്തി. എന്നാൽ, ഇതിൽ ഏകദേശം 50 ബില്യൺ ഡോളറും ഇന്ത്യയുടെ വ്യാപാരക്കമ്മിയാണ്. നേരത്തെ വെറും 6.6 ബില്യൺ ഡോളറായിരുന്ന വ്യാപാരക്കമ്മിയാണ് ഇത്രയും വലിയ തോതിൽ ഉയർന്നത്. ഈ വിഷയത്തിൽ ഇന്ത്യ റഷ്യയുടെ ശ്രദ്ധ നേരത്തേതന്നെ ക്ഷണിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *