‘ഇന്ത്യൻ പെട്രോളിന്’ വൻ ഡിമാൻഡ്; കയറ്റുമതി കുതിച്ചു, തുർക്കിയിലേക്കുള്ളത് 5,800% വർധിച്ചു

പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഇന്ധനവിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഇന്ത്യയ്ക്ക് നേട്ടമായി മാറിയത് പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയാണ്. ഒരു ഡസനോളം രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി ശക്തമായതോടെ സിംഗപ്പൂർ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

സിംഗപ്പൂരിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിപ്പ്

2025ലെ ആദ്യ പാദത്തിൽ ഇന്ത്യ സിംഗപ്പൂരിലേക്ക് 324 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 2026ലെ ആദ്യ പാദത്തിൽ ഇത് ഇരട്ടിയോളം ഉയർന്ന് 650 കോടി ഡോളറായി.ഇതിൽ 427 കോടി ഡോളറിന്റെ ഉൽപന്നങ്ങളും പെട്രോളിയം വിഭാഗത്തിൽപ്പെട്ടവയായിരുന്നു. 2025ലെ ഇതേ കാലയളവിൽ സിംഗപ്പൂരിലേക്കുള്ള ഇന്ത്യൻ പെട്രോളിയം ഉൽപന്ന കയറ്റുമതി 128 കോടി ഡോളറായിരുന്നു.

ആഫ്രിക്കയിലും യൂറോപ്പിലും ഇന്ത്യൻ ഇന്ധനത്തിന് ആവശ്യക്കാർ

കയറ്റുമതി വർധിച്ചതോടെ ദക്ഷിണാഫ്രിക്കയും ടാൻസാനിയയും ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ആദ്യ പത്തിൽ ഇടം നേടി.ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ഇക്കാലയളവിൽ ഇന്ധനം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾക്കായി ഇന്ത്യയെ കൂടുതൽ ആശ്രയിച്ചു.ജോർദാൻ, ശ്രീലങ്ക, മലേഷ്യ, കെനിയ, തുർക്കി, ഹോങ്കോങ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യൻ കയറ്റുമതിയിൽ ശ്രദ്ധേയമായ വർധനയുണ്ടായി. ഹോങ്കോങ്ങും വിയറ്റ്നാമും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വർധനയ്ക്ക് പ്രധാന കാരണം ഇന്ധന ഉൽപന്നങ്ങളായിരുന്നു.

ടാൻസാനിയയിലേക്കും വൻ വർധന

സിംഗപ്പൂരിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്തത് ടാൻസാനിയയാണ്. 2026ലെ ആദ്യ പാദത്തിൽ 222 കോടി ഡോളറിന്റെ ഇന്ധനമാണ് ടാൻസാനിയ ഇന്ത്യയിൽ നിന്ന് വാങ്ങിയത്. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 69 കോടി ഡോളറായിരുന്നു.ദക്ഷിണാഫ്രിക്കയിലേക്കുള്ള കയറ്റുമതി 65 കോടി ഡോളറിൽ നിന്ന് 171 കോടി ഡോളറായി ഉയർന്നു. ശ്രീലങ്കയിലേക്കുള്ളത് 16 കോടി ഡോളറിൽ നിന്ന് 75 കോടി ഡോളറായി. മലേഷ്യയിലേക്കുള്ള കയറ്റുമതിയും 40 കോടി ഡോളറിൽ നിന്ന് 86 കോടി ഡോളറായി വർധിച്ചു.കെനിയ ഈ കാലയളവിൽ 81 കോടി ഡോളറിന്റെ ഇന്ധനമാണ് ഇന്ത്യയിൽ നിന്ന് വാങ്ങിയത്. മുൻവർഷം ഇത് 39 കോടി ഡോളറായിരുന്നു.

തുർക്കിയിലേക്ക് കയറ്റുമതി 5,800% വർധിച്ചു

ഇന്ത്യൻ ഇന്ധനത്തിന് ഏറ്റവും വലിയ ഡിമാൻഡ് വർധിച്ച രാജ്യങ്ങളിലൊന്ന് തുർക്കിയാണ്. 2025ലെ ആദ്യ പാദത്തിൽ 40 ലക്ഷം ഡോളറിന്റെ ഇന്ധനമാണ് ഇന്ത്യ തുർക്കിയിലേക്ക് കയറ്റുമതി ചെയ്തത്. 2026ലെ ആദ്യ പാദത്തിൽ ഇത് 24 കോടി ഡോളറായി കുതിച്ചു.

അതായത് ഏകദേശം 5,800 ശതമാനത്തിന്റെ വർധന.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഇന്ധനവിതരണ ശൃംഖലയിൽ മാറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യൻ റിഫൈനറികൾക്ക് പുതിയ വിപണികൾ ലഭിച്ചത്. രാജ്യത്തുനിന്ന് ഇന്ധനം വലിയ തോതിൽ പുറത്തേക്ക് ഒഴുകുന്നത് നിയന്ത്രിക്കുന്നതിനായി സർക്കാർ വിൻഡ്ഫാൾ ടാക്സ് ഉൾപ്പെടെയുള്ള നികുതി നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ആഗോള ഡിമാൻഡിലെ മാറ്റം ഇന്ത്യൻ പെട്രോളിയം കയറ്റുമതിക്ക് വലിയ ഉണർവ് നൽകുകയായിരുന്നു.