ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; കേന്ദ്രത്തിന്റെ നടപടി നിയമാനുസൃതമെന്ന് നിരീക്ഷണം

ടെലഗ്രാം ആപ്പിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. ജൂൺ 22 വരെ നിരോധനം തുടരുമെന്നും കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണെന്നും കോടതി വ്യക്തമാക്കി.

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നതിനും വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനുമായി ടെലഗ്രാം വ്യാപകമായി ഉപയോഗിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച വാദങ്ങൾ കോടതി അംഗീകരിച്ചു.നിരോധന നടപടി ഏകപക്ഷീയമാണെന്നും കമ്പനിയുടെ വിശദീകരണം തേടാതെയാണ് തീരുമാനം എടുത്തതെന്നുമായിരുന്നു ടെലഗ്രാമിന്റെ വാദം. എന്നാൽ വ്യക്തമായ തെളിവുകളുടെയും അന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.

ജൂൺ 22 വരെയാണ് നിലവിൽ നിരോധനം പ്രാബല്യത്തിൽ തുടരുക. നിരോധന നടപടിയെ വിമർശിച്ച് ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവും രംഗത്തെത്തി. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.നിരോധനത്തിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുകയാണ് ദേശീയ പരീക്ഷ ഏജൻസിയായ എൻടിഎ.