ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് വിപണിയിലെത്തി. രൂപകൽപ്പനയിലും സൗകര്യങ്ങളിലുമുള്ള പുതുക്കലുകളുമായി എത്തിയ വാഹനത്തിന് 19.72 ലക്ഷം രൂപ മുതൽ 26.63 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.നിലവിലെ മോഡലുകളെ അപേക്ഷിച്ച് 32,000 രൂപ മുതൽ 83,000 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഇന്നോവ ക്രിസ്റ്റയുടെ ഉൽപ്പാദനം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുറത്തിറങ്ങുന്ന ഈ പതിപ്പ്, മോഡലിന്റെ അവസാനത്തെ പ്രധാന അപ്ഡേറ്റായിരിക്കുമെന്നാണ് വാഹനലോകത്തെ വിലയിരുത്തൽ.
കൂടുതൽ പ്രീമിയം ലുക്ക്
വാഹനത്തിന്റെ മുൻഭാഗത്ത് കൂടുതൽ ആകർഷകമായ ഗ്രില്ലും ക്രോം ഫിനിഷുള്ള പുതിയ ബമ്പറും നൽകിയിട്ടുണ്ട്. സൈഡ് പ്രൊഫൈലിലും പിൻ ബമ്പറിലും ചേർത്ത ക്രോം ഗാർണിഷുകൾ വാഹനത്തിന്റെ പ്രീമിയം ഭംഗി വർധിപ്പിക്കുന്നു.ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. ‘ഗ്രേസ് കോപ്പർ’ തീമിലുള്ള പുതിയ ഡ്യുവൽ-ടോൺ സീറ്റുകൾ, സ്റ്റിയറിങ് വീൽ, ഡോർ ട്രിമ്മുകൾ എന്നിവയിൽ നൽകിയ കോപ്പർ ഫിനിഷ് കൂടുതൽ ആഡംബര അനുഭവം നൽകുന്നു. എസി കൺട്രോളുകളിലും വിവിധ സ്വിച്ചുകളിലും പുതിയ ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഫീച്ചറുകൾ
വിഎക്സ് (VX), ഇസഡ്എക്സ് (ZX) വകഭേദങ്ങളിൽ വയർലെസ് സ്മാർട്ട്ഫോൺ ചാർജർ സ്റ്റാൻഡേർഡായി ലഭിക്കും. രണ്ടാം നിര യാത്രക്കാർക്കായി വയർലെസ് ചാർജറും സീറ്റ്-ബാക്ക് ടേബിളും ആക്സസറി ഓപ്ഷനായി തിരഞ്ഞെടുക്കാം.മികച്ച സുരക്ഷയ്ക്കായി ഇസഡ്എക്സ് വകഭേദത്തിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉയർന്ന വകഭേദങ്ങളിൽ ഏഴ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, എട്ട് ദിശകളിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
എൻജിനിൽ മാറ്റമില്ല
യാന്ത്രിക സംവിധാനത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 150 എച്ച്പി കരുത്തും 343 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് പുതിയ ഇന്നോവ ക്രിസ്റ്റയ്ക്കും കരുത്ത് പകരുന്നത്.
5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി എത്തുന്ന വാഹനത്തിൽ ഇന്ധനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനായി ഇക്കോ, പവർ ഡ്രൈവ് മോഡുകളും തുടർന്നും ലഭ്യമാകും.വിശ്വസ്തത, വിശാലമായ ക്യാബിൻ, മികച്ച യാത്രാസുഖം എന്നിവ കൊണ്ട് കുടുംബ ഉപഭോക്താക്കളുടെയും ടാക്സി ഓപ്പറേറ്റർമാരുടെയും പ്രിയ വാഹനമായി തുടരുന്ന ഇന്നോവ ക്രിസ്റ്റ, പുതിയ അപ്ഡേറ്റുകളോടെ വിപണിയിൽ തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

