ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പുതിയ ഇലക്ട്രിക് സെഡാൻ സിഎൽഎ ബിഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. മെഴ്സിഡസ് മോഡുലാർ ആർക്കിടെക്ചർ (MMA) അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ മോഡൽ, ബ്രാൻഡിന്റെ അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. ലോഞ്ചിന് മുൻപേ തന്നെ 400-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതും രാജ്യത്തെ ആഡംബര കാർ പ്രേമികളുടെ മികച്ച പ്രതികരണമായി കമ്പനി വിലയിരുത്തുന്നു.
സിഎൽഎ 250+ ലോഞ്ച് എഡിഷൻ, സിഎൽഎ 250+ ലോംഗ് റേഞ്ച് എഎംജി ലൈൻ, സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ച് പ്രോഗ്രസീവ് ലൈൻ എന്നീ മൂന്ന് വകഭേദങ്ങളിലായാണ് വാഹനം പുറത്തിറക്കിയത്. കൂടാതെ, ഇന്ത്യയിൽ ആദ്യമായി ഹൈ വോൾട്ടേജ് ബാറ്ററി റിപ്പോർട്ട് അവതരിപ്പിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയും വിശ്വാസവും നൽകാനും കമ്പനി ശ്രമിക്കുന്നു.പുതിയ MMA പ്ലാറ്റ്ഫോമിൽ നിർമ്മിച്ച സിഎൽഎ ബിഇവി 800 വോൾട്ട് ആർക്കിടെക്ചർ ഉപയോഗിക്കുന്നു. 240 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് സിഎൽഎ 250+ മോഡൽ വെറും 20 മിനിറ്റിൽ 400 കിലോമീറ്റർ വരെ റേഞ്ച് നേടാൻ കഴിയും. സിഎൽഎ 200 മോഡൽ 320 കിലോമീറ്റർ വരെ റേഞ്ച് നൽകും. സിഎൽഎ 250+ ലോംഗ് റേഞ്ച് പതിപ്പിന് WLTP പ്രകാരം പരമാവധി 792 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.7 സെക്കൻഡ് മതി.
എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മെഴ്സിഡസ് ബെൻസിന്റെ ആദ്യ മോഡലുമാണ് സിഎൽഎ ബിഇവി. നാലാം തലമുറ എംബിയുഎക്സ് സംവിധാനം, ചാറ്റ് ജിപിടി 4, എം.എസ്. ബിംഗ്, ജെമിനി എന്നിവ ചേർന്ന വർച്ച്വൽ അസിസ്റ്റന്റ്, കൂടാതെ ഗൂഗിൾ മാപ്പ് ഇന്റഗ്രേഷൻ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻവിഡിയ ചിപ്പുകൾ ഉപയോഗിക്കുന്ന ഈ വാഹനത്തിന് സെക്കൻഡിൽ 508 ട്രില്യൺ ഓപ്പറേഷനുകൾ വരെ കംപ്യൂട്ടിംഗ് ശേഷിയുണ്ടെന്ന് കമ്പനി പറയുന്നു.എഡിഎഎസ് ലെവൽ 2 സംവിധാനമാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്, ഇത് ഒടിഎ അപ്ഡേറ്റുകൾ വഴി ലെവൽ 2+ ആയി അപ്ഗ്രേഡ് ചെയ്യാം. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ സസ്പെൻഷൻ സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തുടനീളം 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളുള്ള എംബി ചാർജ് പബ്ലിക് നെറ്റ്വർക്കും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. മെഴ്സിഡസ് ബെൻസ് ഫിനാൻഷ്യൽ സർവീസസിന്റെ സ്റ്റാർ അജിലിറ്റി പദ്ധതിയിലൂടെ 59% വരെ ബൈബാക്ക് മൂല്യം, 62,000 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ, 6.99% പലിശ നിരക്ക് എന്നിവയും ലഭ്യമാണ്. എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ ബാറ്ററി വാറന്റിയും, 60,000 രൂപ മുതൽ ആരംഭിക്കുന്ന സർവീസ് പാക്കേജുകളും കമ്പനി നൽകുന്നു.
ഹീറ്റ് പ്രൊട്ടക്ഷൻ കോട്ടിംഗ് ഉള്ള പനോരാമിക് സൺറൂഫ് ഉൾപ്പെടെ നിരവധി ആധുനിക സവിശേഷതകളും സിഎൽഎ ബിഇവിയിലുണ്ട്. വിലയായി സിഎൽഎ ബിഇവി ലോഞ്ച് എഡിഷന് 64 ലക്ഷം രൂപയും, സിഎൽഎ 250+ ലോംഗ് റേഞ്ചിന് 59 ലക്ഷം രൂപയും, സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ചിന് 55 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
