2026–27 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് (FASTag) വാർഷിക പാസ് നിരക്ക് പരിഷ്കരിക്കുന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. നിലവിലുള്ള 3,000 രൂപയിൽ നിന്ന് 3,075 രൂപയായി നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
നാഷണൽ ഹൈവേ ഫീ (Determination of Rates and Collection) റൂൾസ്, 2008 പ്രകാരമാണ് ഈ നിരക്ക് പരിഷ്കരണം നടപ്പിലാക്കുന്നത്. നിലവിൽ 56 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഈ പദ്ധതിക്ക് സ്വകാര്യ വാഹന ഉടമകളുടെ ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഈ പുതുക്കിയ നിരക്ക് ബാധകമായിരിക്കും. ആവശ്യമായ രേഖകളുള്ള സ്വകാര്യ (നോൺ-കൊമേഴ്സ്യൽ) വാഹനങ്ങൾക്കാണ് വാർഷിക പാസ് സൗകര്യം ലഭ്യമാകുക.ഒരു വർഷത്തെ കാലാവധി അല്ലെങ്കിൽ 200 ടോൾ കടക്കൽ — ഇതിൽ ഏതാണ് ആദ്യം എത്തുന്നതോ അതുവരെ പാസ് ഉപയോഗിക്കാനാകും. ഇതുവഴി ഇടയ്ക്കിടെ ഫാസ്ടാഗ് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ യാത്രക്കാർക്ക് സഹായകരമാകും.
രാജ്മാർഗ് യാത്ര (Rajmargyatra) ആപ്പിലൂടെയോ എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഒറ്റത്തവണ പണമടച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വാഹനത്തിലെ നിലവിലുള്ള ഫാസ്ടാഗിൽ വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യപ്പെടും.2025 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പദ്ധതിക്ക് രാജ്യത്തെ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ ചെലവിൽ സുഗമമായ യാത്ര ഉറപ്പാക്കുന്ന ഈ സംവിധാനം ദേശീയപാത ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

