ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ടി വന്നവർക്ക് അതിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയാം. പ്രത്യേകിച്ച് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ (NOC) നേടുന്നതിനായി പലതവണ ആർടിഒ ഓഫീസുകളിൽ കയറി ഇറങ്ങേണ്ടിവരുന്ന അവസ്ഥ ഏറെ തലവേദനയുണ്ടാക്കാറുണ്ട്. ഇപ്പോൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി എൻഒസിക്ക് പകരം ഓട്ടോമാറ്റിക് ഡിജിറ്റൽ ക്ലിയറൻസ് സംവിധാനം കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നത്.
നീതി ആയോഗിന്റെ നോൺ ഫിനാൻഷ്യൽ റെഗുലേറ്ററി റിഫോംസ് ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ തീരുമാനം എടുത്തത്. ഇതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുന്ന സാധാരണ വാഹന ഉടമകൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ നിലവിലുള്ള സംവിധാനത്തിൽ, ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യാൻ ആ വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ നടന്ന സംസ്ഥാനത്തെ ആർടിഒയിൽ നിന്ന് എൻഒസി നേടേണ്ടതുണ്ട്. വാഹനത്തിന് നികുതി കുടിശ്ശികയോ ട്രാഫിക് പിഴകളോ മറ്റ് നിയമബാധ്യതകളോ ഇല്ലെന്ന് തെളിയിക്കുന്ന രേഖയാണ് എൻഒസി. ഈ രേഖ ലഭിച്ചശേഷമാണ് പുതിയ സംസ്ഥാനത്തെ ആർടിഒയിൽ റീ-റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ കഴിയുന്നത്.
സാങ്കേതികമായി പരിവാഹൻ പോർട്ടൽ വഴി എൻഒസിക്കായി ഓൺലൈനായി അപേക്ഷിക്കാമെങ്കിലും, പലപ്പോഴും അത് പ്രായോഗികമാകാറില്ല. രേഖകൾ സമർപ്പിക്കാനും അപേക്ഷയുടെ പുരോഗതി അറിയാനുമായി പല വാഹന ഉടമകളും ആർടിഒ ഓഫീസുകളിൽ നേരിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുന്നു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ടാക്സ് രസീത് എന്നിവ സമർപ്പിച്ച് ഏറെ സമയം കാത്തിരിക്കേണ്ടതും സാധാരണമാണ്. പഴയ പിഴകൾ അടയ്ക്കാത്തത് പോലുള്ള കാരണങ്ങളാൽ നടപടികൾ കൂടുതൽ വൈകുകയും ചെയ്യാറുണ്ട്. ഇതോടെ വാഹനം പഴയ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെടാതെയും പുതിയ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടാതെയും അനിശ്ചിതാവസ്ഥ ഉണ്ടാകുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോൾ വാഹനം വിറ്റ് ഒഴിവാക്കുകയും ചെയ്യാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി രാജ്യത്തെ വാഹന വിവരങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന വാഹൻ (VAHAN) കേന്ദ്രീകൃത ഡാറ്റാബേസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതിനകം തന്നെ രാജ്യത്തെ വിവിധ ആർടിഒകളിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഡാറ്റാബേസിലൂടെ ലഭ്യമാണ്.
പുതിയ സംവിധാനത്തിൽ, പുതിയ സംസ്ഥാനത്തെ ആർടിഒക്ക് വാഹനത്തിന്റെ പഴയ രജിസ്ട്രേഷൻ, നികുതി, പിഴ തുടങ്ങിയ വിവരങ്ങൾ വാഹൻ ഡാറ്റാബേസിലൂടെ നേരിട്ട് പരിശോധിക്കാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ജനറേറ്റഡ് ഡിജിറ്റൽ ക്ലിയറൻസ് ലഭ്യമാക്കും. ഇതോടെ പഴയ സംസ്ഥാനത്തെ ആർടിഒയിൽ പോയി എൻഒസി വാങ്ങേണ്ടതില്ല; നേരിട്ട് പുതിയ സംസ്ഥാനത്ത് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനാകും.
ഈ സംവിധാനം നടപ്പിലാകുന്നതോടെ വാഹന രജിസ്ട്രേഷൻ മാറ്റം കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ പ്രക്രിയയാകും എന്നതാണ് പ്രതീക്ഷ.
