വെസ്പ ‘ഓഫീസിന 8’ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ Vespa ‘ഓഫീസിന 8’ എന്ന പേരിൽ പുതിയ സ്പെഷ്യൽ എഡിഷൻ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഇറ്റലിയിലെ പോണ്ടെഡെറയിലെ Piaggio പ്ലാന്റിലെ പരീക്ഷണ വിഭാഗത്തിന് ആദരവ് അർപ്പിക്കുന്ന മോഡലാണ് ഇത്.

1944-ൽ പോണ്ടെഡെറ പ്ലാന്റിൽ സ്ഥാപിതമായ എക്സ്പിരിമെന്റൽ വിഭാഗത്തെയാണ് ‘ഓഫീസിന 8’ എന്ന പേര് സൂചിപ്പിക്കുന്നത്. പതിവ് പ്രൊഡക്ഷൻ ലൈനുകളിൽ നിന്ന് വേറിട്ടു പ്രവർത്തിച്ചിരുന്ന എഞ്ചിനീയർമാർ, ഡിസൈനർമാർ, മെക്കാനിക്കുകൾ എന്നിവരടങ്ങിയ സമർപ്പിത സംഘമാണ് ഈ വിഭാഗം. പുതിയ ആശയങ്ങളും ടെസ്റ്റ് പ്രോട്ടോടൈപ്പുകളും വികസിപ്പിച്ച ഇവരുടെ പരിശ്രമഫലമായി 1946-ൽ വെസ്പയുടെ പേറ്റന്റിംഗിലേക്ക് കാര്യങ്ങൾ നീങ്ങിയതായാണ് ചരിത്രം.

ഡിസൈൻ കാര്യത്തിൽ, മാറ്റ് മെറ്റാലിക് ബ്ലൂ ഫിനിഷുള്ള സ്റ്റീൽ ബോഡിയാണ് ‘ഓഫീസിന 8’-ന്റെ പ്രധാന ആകർഷണം. മെറ്റാലിക് റിവറ്റുകളും ബ്രാസ്, അലുമിനിയം ടോണുകളും ചേർന്ന് സ്കൂട്ടറിന് വ്യത്യസ്തമായ ഇൻഡസ്ട്രിയൽ ലുക്ക് നൽകുന്നു. വെസ്പയുടെ സിഗ്നേച്ചർ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും സ്വീപ്പിംഗ് ലൈനുകളും നിലനിർത്തിയതോടൊപ്പം, തീമിനൊത്ത റിബ്ഡ് സീറ്റും ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ 125 സിസി, 150 സിസി എൻജിൻ ഓപ്ഷനുകളിലാണ് ‘ഓഫീസിന 8’ ലഭ്യമാകുന്നത്. മെക്കാനിക്കൽ ഭാഗങ്ങളിൽ വലിയ മാറ്റങ്ങളില്ലെങ്കിലും, പുറം രൂപകൽപ്പനയും പ്രത്യേക ഫിനിഷും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.

അതേസമയം, ‘ഓഫീസിന 8’ അപ്പാരൽ ശ്രേണിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിറങ്ങളോട് പൊരുത്തപ്പെടുന്ന ടോപ്പ് ബോക്സ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. വർക്ക്ഷോപ്പിന്റെ ചരിത്രം വിശദീകരിക്കുന്ന ഒരു പുസ്തകവും, നിറം പൊരുത്തപ്പെടുന്ന ഹാഫ്-ഫേസ് ഹെൽമെറ്റും ഉൾപ്പെട്ട വെൽക്കം കിറ്റും ഓരോ സ്കൂട്ടറിനൊപ്പവും ലഭ്യമാക്കും.ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ഈ സ്പെഷ്യൽ എഡിഷൻ ലഭ്യമാണ്. എക്സ്-ഷോറൂം വില 1.34 ലക്ഷം രൂപയാണ്. പതിവ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ, പൈതൃകത്തിന്റെ ചായം കൈവരിച്ച ഒരു എക്സ്ക്ലൂസീവ് സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് ‘വെസ്പ ഓഫീസിന 8’ ശ്രദ്ധേയമായൊരു തിരഞ്ഞെടുപ്പായിരിക്കും.