കേന്ദ്ര സാമ്പത്തിക സർവേയിൽ കൊച്ചി വാട്ടർ മെട്രോ മാതൃക; രാജ്യത്തിന് വഴികാട്ടി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമായ പരാമർശം നേടി. 2023ൽ സംസ്ഥാന സർക്കാർ–കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (KMRL) ചേർന്ന് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, നഗരങ്ങളിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന് രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഉൾനാടൻ ജലപാതകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് വാട്ടർ മെട്രോ തെളിയിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയിലെ 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 78 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളിലായി സർവീസ് നടത്താനാണ് വാട്ടർ മെട്രോ പദ്ധതിയിട്ടിരിക്കുന്നത്. 819 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
കൊച്ചിൻ ഷിപ്പ്യാർഡ് നിർമിച്ച ഇലക്ട്രിക്–ഹൈബ്രിഡ് ഫെറികൾ ആണ് സർവീസിന് ഉപയോഗിക്കുന്നത്. ഓരോ ഫെറിയിലും 100 യാത്രക്കാരെ വരെ ഒരേസമയം കൊണ്ടുപോകാനാകും.ദീർഘകാലം നിലനിൽക്കുന്നതും അത്യന്തം വേഗത്തിൽ ചാർജിങ് സാധ്യമാകുന്നതുമായ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് ബാറ്ററികളിലാണ് ഫെറികളുടെ പ്രവർത്തനം. വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച അത്യാധുനിക ടെർമിനലുകളും സർവേ റിപ്പോർട്ടിൽ പ്രത്യേകം എടുത്തുപറയുന്നു.

2025ലെ കണക്കുകൾ പ്രകാരം 50 ലക്ഷം യാത്രക്കാർ ഇതിനകം വാട്ടർ മെട്രോ ഉപയോഗിച്ചിട്ടുണ്ട്.
പരമ്പരാഗത മെട്രോ റെയിൽ സംവിധാനങ്ങളെ അപേക്ഷിച്ച് വാട്ടർ മെട്രോയ്ക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. നിലവിലുണ്ടായിരുന്ന ജലപാതകൾ ഉപയോഗിച്ചതിനാൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ചെലവുകൾ ഒഴിവാക്കാനായി. സാധാരണ മെട്രോ പദ്ധതികളേക്കാൾ പത്തിലൊന്ന് ചെലവിൽ വാട്ടർ മെട്രോ നടപ്പാക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഹൈബ്രിഡ് ഫെറികൾ ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗത മാതൃകയായും വാട്ടർ മെട്രോ മാറിയിട്ടുണ്ട്.
കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തെ തുടർന്ന്, രാജ്യത്തെ 21 നഗരങ്ങളിൽ സമാന പദ്ധതികൾ ആരംഭിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ. അയോധ്യ, ഗോവ, ഗുവാഹത്തി, കൊൽക്കത്ത, പ്രയാഗ്രാജ്, പാറ്റ്ന, ശ്രീനഗർ, വാരണാസി, മുംബൈ, മംഗളൂരു, ഗാന്ധിനഗർ, അഹമ്മദാബാദ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണ്.

സ്വാഭാവിക ജലപാതകളെ പ്രകൃതി സൗഹൃദമായി നഗര ഗതാഗതത്തിന്റെ ഭാഗമാക്കാനുള്ള ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ എന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, മറ്റ് നഗരങ്ങളിൽ ഈ മാതൃക നടപ്പാക്കുമ്പോൾ യാത്രക്കാരുടെ തിരക്കും പ്രാദേശിക സാഹചര്യങ്ങളും സൂക്ഷ്മമായി പരിഗണിക്കേണ്ടതുണ്ടെന്നും സാമ്പത്തിക സർവേ മുന്നറിയിപ്പ് നൽകുന്നു.കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമെ, ഉത്തരവാദിത്ത ടൂറിസം, കേര പദ്ധതി, കുടുംബശ്രീ, അതിദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയ കേരളത്തിലെ സാമൂഹ്യ–വികസന പദ്ധതികളെയും സാമ്പത്തിക സർവേ റിപ്പോർട്ട് അഭിനന്ദനത്തോടെ പരാമർശിച്ചിട്ടുണ്ട്.