ജെമിനൈ 3.0 എഐയുടെ മുന്നേറ്റം; ചാറ്റ്ജിപിടിക്ക് നിലനിൽപ്പിന്റെ പോരാട്ടം

ഗൂഗിള് ജെമിനൈ 3.0 എഐ മോഡല് പുറത്തിറങ്ങിയതോടെ, ചാറ്റ്ജിപിടിക്ക് പിന്നിലെ കമ്പനിയായ ഓപ്പണ്എഐയില് ആശങ്ക ശക്ത ന്നു. ചാറ്റ്ജിപിടിയില് അടിയന്തിരമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്പനി മേധാവി സാം ഓള്ട്ട്മാന് ആഭ്യന്തരമായി മുന്നറിയിപ്പ് നല്കിയതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.ആ മുന്നറിയിപ്പില് ഒളിഞ്ഞിരുന്ന ഭീഷണി അന്ന് പൂർണമായി വ്യക്തമായിരുന്നില്ല. എന്നാല് ദ് വോള് സ്ട്രീറ്റ് ജേണല്, ദ് ഇന്ഫര്മേഷന് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള് ഓപ്പണ്എഐയ്ക്കുള്ളില് നിന്നുള്ള വിവരങ്ങള് പുറത്തുവിട്ടതോടെ കാര്യങ്ങളുടെ ഗൗരവം വ്യക്തമായി.

പ്രശ്നം അതീവ ഗുരുതരം

പേര് വെളിപ്പെടുത്താന് തയ്യാറാകാത്ത ഒരു മുന് ഓപ്പണ്എഐ ഗവേഷകന് ഫോര്ച്യൂണ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഗൂഗിള് സൃഷ്ടിക്കുന്ന ഭീഷണിയുടെ വ്യാപ്തി തുറന്നുപറയുന്നത്. ഗൂഗിളിന് ഇപ്പോള് ഓപ്പണ്എഐയുടെ എപിഐ (API) ബിസിനസിനെയും കണ്സ്യൂമര് സബ്സ്ക്രിപ്ഷന് മോഡലിനെയും തന്നെ അപ്രസക്തമാക്കാനുള്ള ശേഷിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്.
ഈ ഭീഷണിയെക്കുറിച്ച് സാം ഓള്ട്ട്മാന് കമ്പനിക്കുള്ളില് തുറന്നുപറഞ്ഞത് തന്നെ ശ്രദ്ധേയമാണെന്നും മുന് ഗവേഷകന് ചൂണ്ടിക്കാട്ടുന്നു. പ്രകടനത്തില് ഗൂഗിള് ഓപ്പണ്എഐയെ വ്യക്തമായി മറികടന്നാല്, എപിഐ ബിസിനസ് പൂട്ടേണ്ടി വരികയും, ജെമിനൈ പൂര്ണമായും സൗജന്യമായി നല്കാന് പോലും ഗൂഗിള് തയ്യാറാകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. അങ്ങനെ സംഭവിച്ചാല് ഓപ്പണ്എഐയുടെ ഉപഭോക്തൃ സബ്സ്ക്രിപ്ഷന് മോഡല് തന്നെ തകര്ന്നേക്കാം.

‘കോഡ് റെഡ്’ അവസ്ഥ

ദ് വോള് സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് പ്രകാരം, ചാറ്റ്ജിപിടിയുടെ വേഗത, വിശ്വാസ്യത, പേഴ്സണലൈസേഷന് എന്നിവ ഗണ്യമായി മെച്ചപ്പെടുത്താന് ഓള്ട്ട്മാന് ഉന്നത ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
“ചാറ്റ്ജിപിടി നിര്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്” എന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം ആഭ്യന്തര മെമ്മോയില് നല്കിയിട്ടുണ്ട്. പ്രകടനം മെച്ചപ്പെടുത്തുന്നതിന് പ്രവര്ത്തിക്കുന്ന ഗവേഷകര് ദിവസേന ചെറുമീറ്റിങ്ങുകളില് പങ്കെടുക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്.

ചാറ്റ്ജിപിടി പിന്നിലാകുന്ന കാരണങ്ങള്

നിര്മിത ബുദ്ധിയുടെ കഴിവ് വര്ധിപ്പിക്കാന് ഏറ്റവും ഫലപ്രദമായ മാര്ഗങ്ങളില് ഒന്ന് വന് ഉപയോക്തൃ അടിസ്ഥാനമാണ്. ഈ യാഥാര്ത്ഥ്യം തിരിച്ചറിഞ്ഞാണ് ഗൂഗിള് മേധാവി സുന്ദര് പിച്ചൈ ആക്രമണാത്മകമായ നീക്കങ്ങള് നടത്തുന്നതെന്ന് വിദഗ്ധര് വിലയിരുത്തുന്നു.

ഇന്ത്യയില് റിലയന്സ് ജിയോയുമായി ചേര്ന്ന് ഏകദേശം 38,000 രൂപ വില വരുന്ന ജെമിനൈ പ്ലാന് ജിയോ ഉപഭോക്താക്കള്ക്ക് ഏറെക്കുറെ സൗജന്യമായി നല്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഇതേ മാതൃക മുന്പ് സ്വീകരിച്ചത് ഇന്ത്യന് വംശജനായ അരവിന്ദ് ശ്രീനിവാസ് സഹസ്ഥാപകനായ പെര്പ്ലക്സിറ്റിയാണ്. എയര്ടെല് ഉപഭോക്താക്കള്ക്ക് പെര്പ്ലക്സിറ്റി ഫ്രീയായി ലഭ്യമാക്കിയതും ശ്രദ്ധേയമാണ്.ഓപ്പണ്എഐ ഇപ്പോള് ടാറ്റാ കണ്സള്ട്ടന്സി സര്വീസസുമായി (TCS) കരാറിനുള്ള ചര്ച്ചകളുടെ അവസാനഘട്ടത്തിലാണെങ്കിലും, അത്തരമൊരു കരാര് പോലും ജെമിനൈയോ പെര്പ്ലക്സിറ്റിയോ നേടിയതുപോലുള്ള വന് ഉപയോക്തൃ അടിസ്ഥാനമൊരുക്കില്ലെന്നാണ് വിലയിരുത്തല്. അത് പ്രധാനമായും ആഭ്യന്തര ഉപയോഗത്തിന് മാത്രമേ ഗുണകരമാകൂ.

ഗൂഗിളിന്റെ ‘ഫുള് സ്റ്റാക്ക്’ ആധിക്യം

ഗൂഗിളിന്റെ ശക്തമായ തിരിച്ചുവരവിന് പിന്നിലെ പ്രധാന ഘടകമാണ് ‘ഫുള് സ്റ്റാക്ക്’ ഇന്റഗ്രേഷന്. സ്വന്തം ടിപിയു (TPU) ചിപ്പുകള്, ജെമിനൈ പോലുള്ള ഫൗണ്ടേഷന് മോഡലുകള്, നൂറുകണക്കിന് കോടി ഉപയോക്താക്കളുടെ ഡേറ്റ, ക്ലൗഡ് ഇന്ഫ്രാസ്ട്രക്ചര്, സേര്ച്ച്, വര്ക്ക്സ്പേസ് തുടങ്ങിയ കണ്സ്യൂമര് ആപ്പുകള് — ഇതെല്ലാം ഒരൊറ്റ പരിസ്ഥിതിയില് സംയോജിപ്പിച്ചാണ് ഗൂഗിള് പ്രവര്ത്തിക്കുന്നത്. ഇത്രയും സമഗ്രമായ സംവിധാനം മറ്റൊരു എഐ കമ്പനിക്കും നിലവിലില്ല.ചെലവ് കുറഞ്ഞ ടിപിയു ചിപ്പുകളും, സേര്ച്ച്, യൂട്യൂബ്, ജിമെയില്, 300 കോടി ആന്ഡ്രോയിഡ് ഉപകരണങ്ങള് എന്നിവയുമായുള്ള ആഴത്തിലുള്ള സംയോജനവും ഗൂഗിളിന് വലിയ മുന്തൂക്കം നല്കുന്നു.

ഡീപ്മൈന്ഡിന്റെ വിലയിരുത്തല്

ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്മൈന്ഡിന്റെ ചീഫ് ടെക്നോളജി ഓഫിസര് കൊറെയ് കവുക്ചുഒഗ്ലുവിന്റെ അഭിപ്രായത്തില്, ഫുള് സ്റ്റാക്ക് സമീപനം തന്നെയാണ് ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തി.
പൊതുവായ വിലയിരുത്തല് പ്രകാരം, ജെമിനൈ 3 മോഡല് ഓപ്പണ്എഐയുടെ ജിപിടി-5 നെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാനോ ബനാന പ്രോ ഇമേജ് ജനറേറ്ററും അതിശയിപ്പിക്കുന്ന ഫലങ്ങളാണ് നല്കുന്നത്.ഇനി ചാറ്റ്ജിപിടി പുതിയ ‘മാജിക്’ കാട്ടി വീണ്ടും മുന്നിലെത്തുമോ എന്നറിയാന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള എഐ പ്രേമികള്.