2030 ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ സംഭവ് ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിലവിലെ 20 ബില്യൺ ഡോളറിൽ നിന്ന് 80 ബില്യൺ ഡോളറായി ഉയർത്താനും, 2030 ആകുമ്പോഴേക്കും ഏകദേശം 10 ലക്ഷം നേരിട്ടുള്ള, പരോക്ഷ, സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആമസോണിലെ എമർജിംഗ് മാർക്കറ്റ്സിന്റെ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ അറിയിച്ചു.
ഈ വർഷം യുഎസിലെ പ്രമുഖ ടെക് കമ്പനികൾ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിലേക്ക് വൻ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്-ടെക് മേഖലകളിലെ വളർച്ചയ്ക്കുള്ള കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്നതിന്റെ തെളിവാണിത്. ഈ പശ്ചാത്തലത്തിൽ ആമസോണിന്റെ വമ്പൻ നിക്ഷേപ പ്രഖ്യാപനം ശ്രദ്ധേയമാണ്. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കയറ്റുമതി വർധിപ്പിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് ആമസോൺ ലക്ഷ്യമിടുന്നത്.
അതേസമയം, 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ എഐയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനായി 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇതോടൊപ്പം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഗൂഗിൾ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
