രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. “സ്വാശ്രയ ഇന്ത്യ”യിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സർക്കാർ പറയുന്നു. വാസ്തവത്തിൽ, ഈ മാറ്റം രാജ്യത്തിന്റെ തൊഴിൽ, വ്യാവസായിക സംവിധാനത്തെ പുനർനിർവചിക്കും. 400 ദശലക്ഷം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകും, അതായത് രാജ്യത്തെ പകുതിയിലധികം തൊഴിലാളികളെയും ആദ്യമായി സംരക്ഷണ കുടക്കീഴിൽ കൊണ്ടുവന്നു. നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പൊളിച്ചാണ് നാല് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്
എന്താണ് പുതിയ തൊഴിൽ നിയമം?
2019-ലെ വേതനച്ചട്ടം, 2020-ലെ വ്യവസായ ബന്ധച്ചട്ടം, 2020-ലെ സാമൂഹിക സുരക്ഷാചട്ടം, 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം എന്നിവയാണ് പുതുതായി കൊണ്ടുവന്ന നാല് തൊഴിൽ ചട്ടങ്ങള്‍. ഇവയിൽ ഓരോന്നിലെയും പ്രധാനമാറ്റങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
തൊഴിലിട സുരക്ഷാ കോഡ് – എല്ലാ തൊഴിലാളികൾക്കും നിയമന കത്ത് നിർബന്ധമാക്കി. ഇത് സുതാര്യതയും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നു. ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ ആക്കും. രാവിലെ 6നു മുൻപും വൈകിട്ട് 7നു ശേഷവും സ്ത്രീകൾക്ക് എവിടെയും ജോലിയെടുക്കാം. 7 മണി കഴിഞ്ഞു ജോലി ചെയ്യുന്ന സ്ത്രീകളുടെ പൂർണസുരക്ഷ തൊഴിലുടമ ഉറപ്പാക്കണം. 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന, ഇതരസംസ്ഥാന തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ സ്വന്തം നാട്ടിലേക്ക് പോകാൻ യാത്രാബത്ത, തൊഴിലാളികളുടെ മക്കൾക്ക് ക്രഷ് സൗകര്യം എന്നിവയുമുണ്ടാകും.
വേതനച്ചട്ടം – അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അടിസ്‌ഥാന മിനിമം വേതനം നിയമപരമാക്കും. സർക്കാറാണ് ഇത് നിശ്ചയിക്കുക. നൈപുണ്യത്തിന്റെ അടിസ്‌ഥാനത്തിൽ മിനിമം വേതനത്തിൽ വ്യത്യാസമുണ്ടാകും. 5 വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കും. 42 കോടിയിലധികം പേരുള്ള അസംഘടിത തൊഴിൽ മേഖലയ്ക്കുൾപ്പെടെ ഇതു മെച്ചപ്പെട്ട പരിരക്ഷ ഉറപ്പാക്കുമെന്നാണ് സർക്കാർ നിലപാട്. നിയമപ്രകാരമുള്ള മിനിമം വേതനം കൊടുക്കാത്ത തൊഴിലുടമയ്ക്ക് 50,000 രൂപ പിഴയും ചുമത്തും. 5 വർഷത്തിനുള്ളിൽ ഈ കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷം രൂപ പിഴയും മൂന്നു മാസം വരെ തടവുമുണ്ടാകും. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കൂടുതൽ വരുമാനമില്ലാത്ത എല്ലാവർക്കും ബോണസിന് അർഹതയുണ്ടായിരിക്കും. റിക്രൂട്‌മെൻ്റ്, വേതനം എന്നിവയിലെന്നും ഒരേ തൊഴിലിന് ലിംഗപരമായ വ്യത്യാസമുണ്ടാകില്ല.
സാമൂഹിക സുരക്ഷാചട്ടം– വേതനത്തിൽ അടിസ്ഥാന ശമ്പളം, ഡിഎ, റീട്ടെയ്നിങ് അലവൻസ് എന്നിവ ഉൾപ്പെടും. നേരത്തെ ESIC പരിരക്ഷ ചില പ്രത്യേക പ്രദേശങ്ങളിലും വ്യവസായങ്ങളിലും പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ESIC പരിരക്ഷ രാജ്യവ്യാപകമാക്കി. 10-ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് സ്വമേധയാ ചേരാം. അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ ഒരു തൊഴിലാളി ഉണ്ടെങ്കിൽ പോലും ESIC നിർബന്ധമാക്കി.തൊഴിലാളിയുടെ മുത്തച്ഛനും മുത്തശ്ശിക്കും, അതുപോലെ സ്ത്രീത്തൊഴിലാളിയാണെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കും ചികിത്സാ ആനുകുല്യങ്ങൾ നൽകും. വീട്ടിൽനിന്ന് തൊഴിൽസ്‌ഥലത്തേക്കും തിരിച്ചുമുള്ള യാത്രയിൽ സംഭവിക്കുന്ന അപകടവും തൊഴിലുമായി ബന്ധപ്പെട്ടതായി കണക്കാക്കി നഷ്ടപരിഹാരം നൽകും. നിർമാണ മേഖലയിൽ സെസ് തുക തൊഴിലുടമകൾക്ക് തന്നെ തീരുമാനിക്കാനാകും.
നിശ്ചിതകാല തൊഴിൽ വ്യവസ്‌ഥ ബാധകമാക്കുന്നവർക്ക് തുടർച്ചയായി ഒരു വർഷം ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് യോഗ്യത ലഭിക്കും. നേരത്തേ ഇത് അഞ്ചുവർഷമായിരുന്നു. അതേസമയം പുതിയ ലേബര്‍ കോഡ് പ്രകാരം കയ്യില്‍ കിട്ടുന്ന ശമ്പളം കുറയാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുക. ജീവനക്കാരുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ ഇത് വര്‍ധനവുണ്ടാക്കുമെങ്കിലും പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കുമായി സിടിസിയില്‍നിന്ന് കൂടുതല്‍ തുക മാറ്റിവെയ്‌ക്കേണ്ടിവരും.
വ്യവസായ ബന്ധച്ചട്ടം – ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയൻ അനുവദനീയമാകൂ. നിലവിൽ ഇത് 7 മതിയായിരുന്നു. അതുപോലെ തൊഴിലാളികളല്ലാത്തവർക്ക് ഭാരവാഹികളാകാനാകില്ല.കൂട്ട ക്വാഷൽ അവധി പണിമുടക്കായി കണക്കാക്കും. കുറഞ്ഞത് 300 ജീവനക്കാരുള്ള സ്ഥാപനങ്ങൾ മാത്രം അടച്ചുപൂട്ടലിനു മുൻകൂർ അനുമതി വാങ്ങിയാൽ മതി. സമരം തുടങ്ങാൻ 14 ദിവസം മുൻപു നോട്ടിസ് നൽകണം. നോട്ടിസിനുശേഷം ചർച്ചകൾ നടക്കുന്ന സമയത്ത് സമരം തുടങ്ങാൻ അനുമതിയില്ല. വ്യവസ്‌ഥ ലംഘിക്കുന്നവർക്ക് 50,000 പിഴയും ഒരു മാസം തടവും ശിക്ഷ വിധിക്കും.

