ആന്ധ്രയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപ തിരമാല: ഗൂഗിളിൽ നിന്ന് അദാനിവരെ വമ്പൻ പ്രഖ്യാപനങ്ങൾ

ആന്ധ്രപ്രദേശിൽ നിക്ഷേപങ്ങളുടെ തിരമാല ഉയരുന്നു. വിശാഖപട്ടണത്തിൽ തുടങ്ങി വെച്ച സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിൽ, ഗൂഗിളിന്റെ വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ കോർപ്പറേറ്റ് ഭീമൻമാരും ആന്ധ്രയിലേക്ക് ലക്ഷക്കോടികളുടെ നിക്ഷേപ പദ്ധതികളുമായി രംഗത്ത്.

ഗൂഗിൾ വിശാഖപട്ടണത്തിൽ 5 വർഷത്തിനിടെ 15 ബില്യൺ ഡോളർ (ഏകദേശം 1.33 ലക്ഷം കോടി രൂപ) നിക്ഷേപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 1 ഗിഗാവാട്ട് എഐ ഡാറ്റ സെന്റർ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഇതേ തോതിലുള്ള 1 ഗിഗാവാട്ട് എഐ ഡേറ്റ സെന്റർ ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങളോട് കൂടി സ്ഥാപിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും പ്രഖ്യാപിച്ചു. ഡിജിറ്റൽ ഡാറ്റ അതീവ രഹസ്യമായി സൂക്ഷിക്കുകയും സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് ഇത്തരം എഐ ഡാറ്റ സെന്ററുകൾ.സംസ്ഥാനത്ത് മൊത്തം 6 ഗിഗാവാട്ട് ഡാറ്റ സെന്ററുകളാണ് ലക്ഷ്യമെന്ന് ഐടി & ഇലക്ട്രോണിക്സ് മന്ത്രി നാരാ ലോകേഷ് വ്യക്തമാക്കിയിരുന്നു. ഇതിനകം റിലയൻസും മറ്റു സ്ഥാപനങ്ങളും ചേർന്ന് 2.5 ഗിഗാവാട്ട് ശേഷിയ്ക്കുള്ള പദ്ധതികൾക്ക് മുന്നോടി വാഗ്ദാനം നൽകി.

അതേസമയം, ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ആന്ധ്രയിലെ ഡാറ്റ സെന്റർ, സിമന്റ്, ഊർജം, മാനുഫാക്ചറിങ് മേഖലകളിലായി അടുത്ത 10 വർഷത്തിനിടെ 1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.നിലവിൽ അദാനി ഗ്രൂപ്പ് സംസ്ഥാനത്ത് 40,000 കോടി രൂപയുടെ നിക്ഷേപം ഇതിനകം നടത്തി കഴിഞ്ഞതായി അദാനി പോർട്സ് എം.ഡി കരൺ അദാനി അറിയിച്ചു. ഗൂഗിളിന്റെ 15 ബില്യൺ ഡോളർ എഐ ഡാറ്റ സെന്റർ പദ്ധതിയിൽ അദാനിയും പങ്കാളിയാണ്.

റിലയൻസ് തന്റെ ഡാറ്റ സെന്റർ പദ്ധതിക്ക് ഊർജം ഉറപ്പാക്കാൻ 6 ഗിഗാവാട്ട് സോളാർ പ്ലാന്റും, കൂടാതെ കുർണൂലിൽ 170 ഏക്കർ സംയോജിത ഫുഡ് പ്രോസസ്സിങ് പാർക്കും സജ്ജമാക്കും.സമ്മിറ്റിൽ ആന്ധ്ര സർക്കാർ വിവിധ കമ്പനികളുമായി 400-ഓളം ധാരണാപത്രങ്ങൾ ഒപ്പുവെക്കുകയാണ്. മൊത്തത്തിൽ 10 ലക്ഷം കോടി രൂപ വരെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു. ഇതിൽ 3 ലക്ഷം കോടി രൂപ ഹരിതോർജക്ഷേത്രത്തിലെ ഗ്രീൻ ഹൈഡ്രജൻ, കാറ്റാടി, സോളാർ, ബയോഫ്യൂവൽ പദ്ധതികളിലൂടെയാണ്.
ഇതുവഴി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ് വ്യക്തമാക്കുന്നത്.

ഐടി മേഖലയും ആന്ധ്രയിൽ നവോത്ഥാനത്തിനൊരുങ്ങുകയാണ്. ടിസിഎസ്, കോഗ്നിസന്റ് എന്നിവയ്ക്കു പിന്നാലെ ഇൻഫോസിസ്, അക്സഞ്ചർ എന്നീ കമ്പനികൾക്കും ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കാൻ 99 പൈസ ടോക്കൺ തുക വാങ്ങി ഭൂമി അനുവദിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇവയുടെ സംയുക്ത നിക്ഷേപം മാത്രം 2,000 കോടി രൂപയ്ക്ക് മുകളിലായിരിക്കും എന്നുമുണ്ട് സൂചന.