റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ കടുത്ത നടപടിയോടെ ബിസിനസ് ലോകം വീണ്ടും ഉണർന്നു. ബാങ്ക് വായ്പകളിലെ ധനവിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച്, ഇ.ഡി. ₹3,084 കോടിയിലധികം മൂല്യമുള്ള 40-ലേറെ വസ്തുവകകൾ കണ്ടുകെട്ടി. ഇതിൽ മുംബൈയിലെ പാലി ഹില്ലിലെ അനിലിന്റെ ആഡംബര വസതിയും ഓഫീസ് സമുച്ചയങ്ങളും ഉൾപ്പെടുന്നു.
പണംതിരിമറി തടയൽ നിയമപ്രകാരം (PMLA) രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ യെസ് ബാങ്ക് വഴിയുള്ള അനധികൃത വായ്പകളും, റിലയൻസ് ഹോം ഫിനാൻസ് , റിലയൻസ് കൊമേഴ്സ് ഫിനാൻസ് എന്നിവയിലേക്കുള്ള പണമാറ്റങ്ങളും അന്വേഷണത്തിന്റെ പ്രധാനം. പൊതുനിക്ഷേപകർ നിക്ഷേപിച്ച പണം റിലയൻസ് നിപ്പോൺ മ്യൂച്വൽ ഫണ്ടിൽ നിന്ന് യെസ് ബാങ്ക് പദ്ധതികളിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
സെബി ചട്ടലംഘനങ്ങളും വായ്പാ വിവാദങ്ങളും
സെബിയുടെ ചട്ടങ്ങൾ ലംഘിച്ച് അനിൽ അംബാനിയും യെസ് ബാങ്കിന്റെ മുൻ പ്രമോട്ടർമാരും ചേർന്ന് പണം തിരിമറി നടത്തിയെന്നതാണ് ഇ.ഡി.യുടെ പ്രധാന ആരോപണം. നിക്ഷേപങ്ങൾ പലതും തിരിച്ചുകിട്ടാതായതോടെ കേസ് കൂടുതൽ സങ്കീർണ്ണമായി.ഇതോടൊപ്പം എസ്.ബി.ഐ. അടക്കം വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത ₹14,000 കോടിയിലധികം വായ്പകളിലെ തട്ടിപ്പിനെയും കുറിച്ച് സിബിഐ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ഓഹരിവിപണിയിൽ ആഘാതം
ഇ.ഡി.യുടെ നടപടിക്ക് പിന്നാലെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഓഹരികൾ വൻ ഇടിവ് രേഖപ്പെടുത്തി.
• റിലയൻസ് ഇൻഫ്രാസ്ട്രക്ചർ: 5% ഇടിഞ്ഞ് ₹203.85ൽ, 52 ആഴ്ച ഉയരം (₹425)നേക്കാൾ പകുതിയിലേറെ താഴ്ന്ന നില.
• റിലയൻസ് പവർ: 5.26% ഇടിഞ്ഞ് ₹43.98ൽ വ്യാപാരം അവസാനിപ്പിച്ചു.
നിക്ഷേപകർക്ക് ഇത് മറ്റൊരു തിരിച്ചടിയായപ്പോൾ, വിപണിയിൽ അനിലിന്റെ ഗ്രൂപ്പിനോടുള്ള വിശ്വാസം തളർന്ന നിലയിലേക്ക് നീങ്ങിയതായി വിശകലനങ്ങൾ സൂചിപ്പിക്കുന്നു.ഒരു കാലത്ത് മുഖ്യധാര ബിസിനസ് സാമ്രാജ്യമായിരുന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഇന്ന് കടുത്ത നിയന്ത്രണ-വിതരണ പ്രതിസന്ധികളും അന്വേഷണ സമ്മർദ്ദങ്ങളും നേരിടുകയാണ്.
ഇ.ഡി.യുടെ പുതിയ നടപടി ഗ്രൂപ്പിന്റെ പുനർവളർച്ചാ ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറുമെന്നതിൽ സംശയമില്ല.

