ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വമ്പിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തിലെ ലോഞ്ചിന് മുന്നോടിയായാണ് ഈ നീക്കം. പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ചൈനയ്ക്ക് പുറത്ത് ആപ്പിളിന്‍റെ രണ്ടാമത്തെ വലിയ അസെംബ്ലി ഹബ്ബാണ് ബെംഗളൂരു. ഇതിനു പുറമേ ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ യൂണിറ്റിലും ഐഫോണ്‍ 17ന്റെ അസെംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഫോക്‌സ്‌കോണ്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ അസെംബ്ളിംഗ് പങ്കാളിയാണെന്നും, വിപണിയില്‍ ഉയര്‍ന്ന ആവശ്യകത പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് ഇത്തവണ നിര്‍മാണം വമ്പിച്ച തോതിലേക്ക് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025ല്‍ ആകെ ആറുകോടി ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. 2024-25 കാലയളവില്‍ 3.5 കോടി മുതല്‍ 4 കോടി വരെ ഐഫോണുകള്‍ മാത്രമായിരുന്നു നിര്‍മിച്ചത്.
ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതോടെ സെപ്റ്റംബറില്‍ വില്‍പന തുടങ്ങും മുമ്പ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന് മതിയായ സ്റ്റോക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം.2025 സെപ്റ്റംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 ശ്രേണിയില്‍ നാല് മോഡലുകളാണെന്ന് പ്രതീക്ഷ. അവയാണ്:
ഐഫോണ്‍ 17
ഐഫോണ്‍ 17 എയര്‍
ഐഫോണ്‍ 17 പ്രോ
ഐഫോണ്‍ 17 പ്രോ മാക്‌സ്
ഇവയില്‍ ‘ഐഫോണ്‍ 17 എയര്‍’ ആപ്പിള്‍ ആദ്യമായി അവതരിപ്പിക്കുന്ന അള്‍ട്രാ-സ്ലിം മോഡലായിരിക്കും. പഴയ പ്ലസ് മോഡലിന് പകരമായാണ് ഇത് എത്തുന്നത്. ഇത് ആപ്പിള്‍ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.2025 സെപ്റ്റംബര്‍ 9-നാണ് ഐഫോണ്‍ 17യുടെ ലോഞ്ച് ഇവന്റ് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല. ഐഫോണ്‍ 17 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ 3 തുടങ്ങിയതും അവതരിപ്പിക്കപ്പെടാമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.

