ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’

12,000 ജീവനക്കാരെ ഒറ്റയടിക്ക് കുറയ്ക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടലിൻ്റെ കാഠിന്യം പുറംലോകമറിയുന്നത്. എഐ വ്യാപകമാകുന്നതിനാൽ ജീവനക്കാരുടെ പുനസംഘടനയെ കുറിച്ചും ചെലവുചുരുക്കലിനെ കുറിച്ചുമൊക്കെ കാര്യമായി ചിന്തിച്ച് പ്രവ‍ർത്തിക്കുകയാണ് വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളുമെല്ലാം. പഴയ പല റോളുകളിലും കമ്പനികൾ നിയമനങ്ങൾ ഒഴിവാക്കുന്നുണ്ട്. പുതിയ റോളുകളിലാണ് നിയമനങ്ങളധികവും . ജാവ, ഡോട്ട് നെറ്റ് എന്നിവയ്ക്കുപകരം എഐ, ക്ലൗഡ്, ഡാറ്റ അനലിറ്റിക്‌സ് പോലുള്ള മേഖലകളിലേക്ക് മാത്രമാണ് നിയമനം നടക്കുന്നത്. സോഫ്റ്റ്‌വെയർ വികസനം, പരിശോധന, ബിസിനസ് വിശകലനം, പ്രോജക്ട് മാനേജ്മെന്റ്റ് എന്നി മേഖലകളിലാണ് പൊതുവെ തൊഴിൽ നഷ്ടം എന്ന് റിപ്പോ‍ർട്ടുകളുണ്ട്. ഐടി മേഖലയിൽ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയായി നിയമന ഉത്തരവും ലഭിച്ച് കാത്തിരുന്ന ഉദ്യോഗാർഥികൾക്ക് ഇനി എന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ വൻകിട കമ്പനികളൊക്കെ ജീവനക്കാരെ കുറയ്ക്കുന്നത് നേരത്തെ തന്നെ തുടങ്ങിയിരുന്നു.. 2025-ൽ ഇതുവരെ ഒരു ലക്ഷം പേ‍‍ർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. എന്നാൽ 2024 ൽ അഞ്ച് ലക്ഷത്തിലേറെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ വ‍ർഷവും പല ഐടി കമ്പനികളിലും വ്യാപകമാകുമെന്നാണ് കരുതുന്നത്. ഇൻഫോസിസ്, ഇൻ്റൽ തുടങ്ങിയ കമ്പനികളിൽ എല്ലാം പിരിച്ചുവിടൽ ഉണ്ടാകാം. 2025 അവസാനത്തോടെ ഇൻ്റൽ 24,000 പേരെ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന. 25 ശതമാനം ജീവനക്കാരെ ഇൻ്റൽ ഒഴിവാക്കുന്നത് ബിസിനസ് പുനസംഘടനയുടെ കൂടെ ഭാ​ഗമായാണ്. ഐടി കമ്പനികളുടെ ലാഭം കുറഞ്ഞെന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഇറക്കുമതി തീരുവ ഉയ‍ർത്തുന്നത് പല വൻകിട കമ്പനികളുടെയും ബിസിനസുകളെ കൂടുതൽ ബാധിക്കാം. അപ്പോൾ ഈ മേഖലയിലെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള പുതിയ കോഴ്സുകളുടെയും ജോലികളുടെയും സാധ്യതകൾ തേടാം.

ഇനി ഏതൊക്കെ മേഖലകൾ?

എഐ ഉപയോഗിച്ച് ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ ചില മേഖലകളിൽ ജോലി സാധ്യത കുറയ്ക്കാമെങ്കിലും മറ്റ് ചില മേഖലകളിൽ പുതിയ തൊഴിൽ സാധ്യതകൾ തുറന്ന് കിട്ടും. എഐ ഷോപ്പിങ് രീതികൾ പാടേ മാറ്റി മറിച്ച ഇ-കൊമഴ്സ് രംഗം സജീവമായ വ‍ർഷങ്ങൾ ഓ‍ർക്കാം. ആമസോണും ഫ്ലിപ്കാ‍ർട്ടുമൊക്കെ പഴയ റീട്ടെയിൽ കച്ചവട സങ്കൽപ്പങ്ങൾ എല്ലാം മാറ്റി മറിച്ചത് എഐയുടെ ചുവടുപിടിച്ചാണ്. ഉൽപന്നങ്ങൾ ഇടപാടുകാരുടെ ഫോൺ സ്ക്രീനിൽ കാണിക്കുന്നു. അവ‍ർ വില നോക്കുന്നു , ഫീച്ചേഴ്സ് നോക്കുന്നു.സാധനങ്ങൾ വാങ്ങി കാ‍ർട്ടിലിടുന്നു. ഓ‍ർഡ‍ർ നൽകുന്നു. ഇതുപോലെ എഐ മാറ്റി മറിച്ച ഏതൊക്കെ മേഖലകൾ..

ഐടി മേഖലയിൽ മാത്രമല്ല എഐയിലെ പുതിയ കോഴ്സുകൾക്ക് നിരവധി തൊഴിൽ സാധ്യതയുമുണ്ട്. ഈ രം​ഗത്ത് പുതിയ റോളുകളും അവസരങ്ങളും ഉണ്ടാകും. ആരോഗ്യ സംരക്ഷണം, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും എഐ പ്രൊഫഷണലുകളെ ആവശ്യമാണ്. എഐ എത്തിക്സ് കൺസൾട്ടൻ്റ്, എഐ ഗവേഷകർ, റോബോട്ടിക്സ് എഞ്ചിനീയർമാ‍ർ, എഐ പ്രൊഡക്റ്റ് മാനേജർമാർ എന്നിവർക്കൊക്കെ അവസരങ്ങൾ കൂടും. ഇതിന് അനുസരിച്ചുള്ള പുതിയ കോഴ്സുകൾ പഠിക്കാം. ഡേറ്റ സയൻസ് & എഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ഇ-കൊമേഴ്സ്, എഐ ആൻഡ് ഫിൻടെക് തുടങ്ങിയ കോഴ്സുകളുടെ സാധ്യതകൾ തേടാം. അതുപോലെ ഐടി മേഖലയിലുള്ളവർ ഈ രം​ഗത്ത് വൈദഗ്‌ധ്യം വർധിപ്പിക്കുന്നതും ​ഗുണമാകും.