ഫോക്‌സ്‌കോണ്‍ – എച്ച്‌സിഎല്‍ സംയുക്ത സംരംഭത്തിന് അനുമതി:76,000 കോടി രൂപയ്ക്കുള്ള പ്രൊസസര്‍ നിര്‍മാണം ഇന്ത്യയിൽ

ടെക് ഉപകരണ നിര്‍മാണ മേഖലയില്‍ ചൈനയ്‌ക്ക് ബദല്‍ എന്ന നിലയിലേക്കുയരാനുള്ള ഇന്ത്യന്‍ ശ്രമത്തിന് വീണ്ടും പച്ചക്കൊടി കാട്ടുകയാണ് കേന്ദ്ര സർക്കാർ. ഫോക്‌സ്‌കോണ്‍ – എച്ച്‌സിഎല്‍ സംയുക്ത സംരംഭത്തിന് അനുമതി നല്‍കുക വഴി, രാജ്യത്തെ കംപ്യൂട്ടിങ് ചിപ് നിര്‍മാണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന് ആക്കം കൂടും. ഈ ദൗത്യം വഴി ഏകദേശം 76,000 കോടി രൂപയ്ക്കുള്ള പ്രൊസസര്‍ നിര്‍മാണം രാജ്യത്ത് നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാരംഭ ഘട്ട പദ്ധതികളിലൊന്നാണ് ഫോക്‌സ്‌കോണ്‍ സെമികണ്ടക്ടറും, ഇന്ത്യന്‍ കമ്പനിയായ എച്ച്‌സിഎല്ലും തമ്മിലുള്ള സംയുക്ത സംരംഭം

കേന്ദ്രം അനുമതി നല്‍കിയിരിക്കുന്ന ഈ സംരംഭം ഇത്തരത്തിലുള്ള ചിപ്് നിര്‍മാണ പദ്ധതിയിലെ ആറാമത്തേതാണ്. പുതിയ ദൗത്യത്തില്‍ 3,706 കോടി രൂപ നിക്ഷേപം വന്നേക്കും. ഇതില്‍ 1500 കോടി രൂപ പ്രോത്സാഹനമായി സർക്കാർ തന്നെ നല്‍കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉത്തര്‍ പ്രദേശിലെ ജെവാറില്‍ (Jewar) ആണ് ഫാക്ടറി ആരംഭിക്കുക. തുടക്കത്തില്‍ 2,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.

ജെവാറിലെ പ്ലാന്റില്‍ ഡിസ്‌പ്ലെ ഡ്രൈവര്‍ ചിപ്പുകളാണ് നിര്‍മിക്കുക. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാഹനങ്ങള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഒരു സ്‌ക്രീന്‍ വേണ്ടിവരുന്ന ഉപകരണങ്ങള്‍ക്കെല്ലാം ഉപകരിക്കുന്ന ചിപ്പുകളായിരിക്കും ഇവിടെ നിർമിക്കുക.

ഐഫോണ്‍ നിർമാതാവ് ആപ്പിളിനു വേണ്ടി ഏറ്റവുമധികം ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. ദക്ഷിണേന്ത്യയില്‍ ഐഫോണ്‍ നിര്‍മാണവും ഫോക്‌സ്‌കോണ്‍ നടത്തുന്നുണ്ട്. 2026 അവസാനം മുതല്‍ അമേരിക്കയിലേക്ക് ആവശ്യമായി വരുന്ന ഐഫോണുകളിലേറെയും ഇന്ത്യയില്‍ നിന്ന് നിര്‍മിച്ചുകൊണ്ടുപോകാന്‍ ആപ്പിള്‍ നടത്തുന്ന ശ്രമത്തിനും ചുക്കാന്‍ പിടിക്കുന്നത് ഫോക്‌സ്‌കോണ്‍ ആണ്.

രാജ്യത്തെ ചിപ് നിര്‍മാണ മേഖലയിലേക്കുള്ള ഫോക്‌സ്‌കോണിന്റെ രണ്ടാമത്തെ കാല്‍വയ്പ്പാണിത്. വേദാന്ത കമ്പനിയുമൊത്ത് 2022ല്‍ ആരംഭിച്ച സംരംഭമായിരുന്നു ആദ്യത്തേത്. എന്നാലിത് 2023ല്‍ അവസാനിപ്പിച്ചു. തങ്ങള്‍ക്ക് അനുയോജ്യരായ പാര്‍ട്ണര്‍മാരെ കണ്ടെത്താന്‍ സാധിക്കാത്തതായിരുന്നു കാരണം.