ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ’ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായേക്കും

പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആശുപത്രി ശൃംഖലയുടെ പേര് വൈകാതെ ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്നായേക്കും. ആസ്റ്ററും ക്വാളിറ്റി കെയറിന് കീഴിലെ കെയർ ഹോസ്പിറ്റൽസും തമ്മിലെ ലയനം ഈ മാസം നടന്നേക്കുമെന്നും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനി ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്ന പേര് സ്വീകരിച്ചേക്കുമെന്നും ഇ.ടി നൗവിന്റെ റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം, ആസ്റ്ററോ ക്വാളിറ്റി കെയറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലയനത്തോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖലകളിലൊന്നായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാറും. ലയനാനന്തരം ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിന് നടപ്പുവർഷം 38 ആശുപത്രികളിലായി 10,000ഓളം കിടക്കകളുണ്ടാകും. കെയർ ഹോസ്പിറ്റൽസിന് പുറമേ കേരളത്തിലെ കിംസ് കേരള ഹോസ്പിറ്റൽസും ക്വാളിറ്റി കെയറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഡോ. ആസാദ് മൂപ്പൻ പുതിയ കമ്പനിയുടെ ചെയർമാൻ സ്ഥാനം വഹിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അമേരിക്കൻ നിക്ഷേപസ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന് 79% ഓഹരി പങ്കാളിത്തമുള്ള ആശുപത്രി ശൃംഖലയാണ് കെയർ. മറ്റൊരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിക്ക് 21% ഓഹരി പങ്കാളിത്തവുമുണ്ട്.