കെ–സ്പേസിനായി ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ്

കേരള സ്പേസ് പാർക്ക് പദ്ധതിക്കായി (കെ–സ്പേസ്) ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് ഒരുങ്ങും. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് ഹബ്ബിനു കെട്ടിടം നിർമിക്കുന്നത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്ന് 229.30 കോടി വായ്പ ഉൾപ്പെടെ 241.38 കോടി രൂപയാണ് ചെലവഴിക്കുക. പദ്ധതിച്ചെലവിന്റെ 5% സംസ്ഥാന സർക്കാർ വഹിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം ടെൻഡർ നടപടി ആരംഭിക്കും.

ടെക്നോസിറ്റിയിൽ ഏറ്റെടുത്ത ഭൂമിക്കു സമീപം 11.5 ഏക്കർ കൂടി സർക്കാർ അനുവദിച്ചെങ്കിലും ഇവിടേക്കു റോഡ് നിർമിക്കുന്നതിനു ചർച്ച നടക്കുകയാണ്. 3 ഏക്കർ കൂടി ഇവിടെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നു. വലിയമലയിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് യൂണിറ്റ് , വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്‌എസ്‌സി) ഉപകേന്ദ്രം തുടങ്ങിയവയുടെ സമീപത്തായി 13 ഏക്കറും വേളിയിൽ വിഎസ്എസ്‌സിക്കു സമീപം 60 ഏക്കറും ഏറ്റെടുത്ത് ബഹിരാകാശ അനുബന്ധ വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി കെ–സ്പേസിന്റെ നേതൃത്വത്തിൽ എയ്റോസ്പേസ് സിസ്റ്റംസ് കൺട്രോൾ സെന്റർ നിർമിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്.

ടെക്നോപാർക്ക് മാതൃകയിലാണ് സ്പേസ് പാർക്കും സജ്ജമാക്കുക. ബഹിരാകാശ, പ്രതിരോധ മേഖലകളിൽ ഉണ്ടായ ഉണർവ് മുതലെടുത്ത് കൂടുതൽ വ്യവസായ സംരംഭങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.