7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം

തമിഴ് നാട് സർക്കാർ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടിൽ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി. ഏകദേശം ഏഴ് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണ് സംഗമത്തിനൊടുവിൽ സംസാരിച്ച സ്റ്റാലിൻ വിവരിച്ചത്.

ലക്ഷ്യമിട്ടത് 5 ലക്ഷം കോടിയായിരുന്നെന്നും 6,64,180 കോടിയുടെ ധാരണാപത്രം ഒപ്പിടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും എം കെ സ്റ്റാലിൻ വിവരിച്ചു. 27 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 14.5 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും തമിഴ് നാടിന് വലിയ മാറ്റമാകും ആഗോള നിക്ഷേപ സംഗമം പ്രദാനം ചെയ്യുകയെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോള നിക്ഷേപ സംഗമത്തിന്‍റെ ആദ്യദിനം തന്നെ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങൾ ഒപ്പിട്ടിരുന്നു. അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായത്. റിലയൻസ് റിട്ടെയിൽ 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമത്തിന്‍റെ അവസാന ദിനത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പായിരുന്നു കയ്യടി നേടിയത്. 42768 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്‍റെ 4 കമ്പനികളും ചേർന്ന് മൊത്തത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്‍റ്സ് 3,500 കോടിയും അദാനി കോണക്സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസ് ആൻഡ് സി എൻ ജി 1568 കോടിയും തമിഴ്നാട്ടിൽ നിക്ഷേപിക്കുമെന്നാണ് ഉറപ്പായത്.