50 ബില്യൺ ഡോളർ നിക്ഷേപം; ഗ്ലോബൽ സൗത്തിൽ എഐ വിപ്ലവത്തിന് മൈക്രോസോഫ്റ്റ് മുന്നിൽ

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വ്യാപകമാക്കാൻ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 50 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയുമായി മൈക്രോസോഫ്റ്റ്. ഓരോ രാജ്യത്തിന്റെയും പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എഐ ഉപയോഗം വിപുലീകരിക്കുകയും അതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.മൈക്രോസോഫ്റ്റ് വൈസ് ചെയറും പ്രസിഡന്റുമായ Brad Smith എക്‌സിലൂടെ അറിയിച്ചതനുസരിച്ച്, “അഞ്ചിന” എന്ന പ്രത്യേക പദ്ധതിയിലൂടെ എഐയുടെ പ്രയോജനം എല്ലാ സമൂഹങ്ങളിലേക്കും എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഇന്ത്യയിൽ മാത്രം 2025ഓടെ 56 ലക്ഷം ആളുകൾക്ക് എഐ പരിശീലനം നൽകും. 2030ഓടെ 2 കോടി ഇന്ത്യക്കാരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി “മൈക്രോസോഫ്റ്റ് എലിവേറ്റ് ഫോർ എഡ്യൂക്കേറ്റേഴ്സ്” പദ്ധതിയിലൂടെ 2 ലക്ഷത്തിലധികം സ്കൂളുകളിലെ 20 ലക്ഷം അധ്യാപകർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.കമ്പനിയുടെ ഏറ്റവും പുതിയ എഐ ഡിഫ്യൂഷൻ റിപ്പോർട്ടിൽ, എഐയുടെ ഉപയോഗത്തിൽ ഗ്ലോബൽ സൗത്തും ഗ്ലോബൽ നോർത്തും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. വികസ്വര രാജ്യങ്ങളായ ഗ്ലോബൽ സൗത്തിൽക്കാൾ ഇരട്ടിയോളം കൂടുതലാണ് വികസിത രാജ്യങ്ങളായ ഗ്ലോബൽ നോർത്തിലെ എഐ ഉപയോഗം. ഈ അന്തരം ദിനംപ്രതി വർധിച്ചുവരുന്നത് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ആഗോള സമൃദ്ധി വ്യാപനത്തിനും വെല്ലുവിളിയാകുന്നു.

അഞ്ചിന പദ്ധതിയുടെ പ്രധാന ഘടകങ്ങൾ:

എഐ വ്യാപനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം

സ്കൂളുകൾക്കും സന്നദ്ധ സംഘടനകൾക്കും സാങ്കേതിക പിന്തുണയും വൈദഗ്ധ്യവും നൽകൽ

വിവിധ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന എഐ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള കണ്ടുപിടുത്തങ്ങൾക്ക് പ്രോത്സാഹനം

ഭാവി നയങ്ങൾക്കും നിക്ഷേപങ്ങൾക്കും മാർഗദർശനമായി എഐ വ്യാപനം അളക്കൽ

എഐയുടെ പ്രയോജനം ലോകമെമ്പാടും സമാനമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് നീങ്ങുന്ന ഈ നീക്കം, ഗ്ലോബൽ സൗത്തിലെ ഡിജിറ്റൽ വളർച്ചയ്ക്ക് വലിയ ചുവടുവയ്പ്പായിരിക്കും.