15% വളർച്ച ലക്ഷ്യം; വിമാനത്താവളങ്ങളിൽ ഒരു ലക്ഷം കോടി നിക്ഷേപത്തിന് അദാനി

രാജ്യത്തെ വിമാനത്താവള മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലുണ്ടാകുന്ന വളർച്ച 15 ശതമാനമാകും എന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ.

പുതിയ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി അദാനി എയർപോർട്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത് അദാനിയാണ് പ്രഖ്യാപനം നടത്തിയത്. ക്രിസ്മസ് ദിനം മുതലാണ് നവിമുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുക.
നവിമുംബൈ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ 74 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പിന് ഉള്ളത്. നിലവിൽ തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, ജയ്പുർ, മംഗളൂരു എന്നീ വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്