സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം

കേരളത്തിലെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി വ്യവസായ നയത്തിന് അന്തിമ രൂപമായി.

മൂലധനത്തിനായി നിരന്തരം വായ്പയും സബ്സിഡിയും എന്ന ദൂഷിത വലയത്തിൽ നിന്ന് സ്വകാര്യ കമ്പനികളെ മുക്തമാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദേശം.  ബൗദ്ധികസ്വത്തിനു സംരക്ഷണം വേണ്ട ചെറുകിട വ്യവസായങ്ങൾക്ക് പേറ്റന്റ് എടുക്കാനുള്ള ചെലവിന്റെ പാതിയും സർക്കാർ നൽകും

ആനൂകൂല്യങ്ങൾ മിക്കതും മുൻഗണനാ മേഖലകൾക്കാണ്. 22 മുൻഗണനാ മേഖലകളുണ്ട്. റോബോട്ടിക്സ്, കൃത്രിമ ബുദ്ധി, എയ്റോസ്പേസ്, ബയോടെക്ക്, വൈദ്യുത വാഹനങ്ങൾ, ഗ്രഫീൻ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. റീട്ടെയിൽ, ആയുർവേദ, ഭക്ഷ്യ സംസ്കരണ മേഖലകളുമുണ്ടെങ്കിലും വ്യവസ്ഥകൾക്കു വിധേയമായിട്ടേ നിക്ഷേപ സബ്സിഡി ലഭിക്കൂ. കാരവൻ ടൂറിസത്തിനും സബ്സിഡി ലഭിക്കും.

വൻകിട സംരംഭങ്ങൾക്കു മിക്കവാറും വേണ്ടി വരുന്ന ഭൂമി തരംമാറ്റത്തിനുള്ള ചെലവിൽ ചെറിയ ആശ്വാസമുണ്ട്. തരം മാറ്റത്തിന് ഏക്കറിനു വീതം ഏർപ്പെടുത്തുന്ന ഫീസിന്റെ 50% സബ്സിഡി. പക്ഷേ അതും മാന്യുഫാക്ചറിങ്, ലോജിസ്റ്റിക് മേഖലകളിലാണ്. നിക്ഷേപം 100 കോടിയിൽ കുറയരുത്. കരട് നയത്തിലെ ആനുകൂല്യങ്ങളും ഇളവുകളും ധനവകുപ്പ് അംഗീകരിച്ചിരുന്നു. പുതിയ ഇൻസെന്റീവുകൾ നൽകാൻ ബജറ്റിൽ കെഎസ്ഐഡിസിക്ക് 28 കോടി നീക്കിവച്ചിട്ടുമുണ്ട്. മന്ത്രിസഭാ അംഗീകാരമാണ്് ഇനി വേണ്ടത്.