ലോകത്തിലെ ഏറ്റവും വലിയ ഊർജ വികസന പദ്ധതികളിലൊന്നായ QatarEnergyയുടെ നോർത്ത് ഫീൽഡ് വെസ്റ്റ് (NFW) പദ്ധതിയുടെ നിർമാണ–സംഭരണ കരാർ പ്രഖ്യാപിച്ചു. Technip Energies, Consolidated Contractors Company (സിസിസി), Gulf Asia Contracting Company (ജിഎസി) എന്നിവർ ചേർന്ന കൂട്ടുകമ്പനിക്കാണ് കരാർ ലഭിച്ചത്. ജിഎസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രവാസി മലയാളി ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തിലുള്ള കമ്പനിക്കുള്ള വലിയ നേട്ടമാണിത്.
ദോഹയിലെ QatarEnergy ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ ഊർജ മന്ത്രിയും പ്രസിഡന്റും സിഇഒയുമായ Saad Sherida Al-Kaabi, ടെക്നിപ് എനർജീസ് സിഇഒ അർനോഡ് പീറ്റൺ, സിസിസി ചെയർമാൻ സമർ ഖൗരി, ഡോ. ബി. രവിപിള്ള എന്നിവർ കരാറിൽ ഒപ്പുവച്ചു.പദ്ധതി പൂർത്തിയാകുന്നതോടെ ഖത്തറിന്റെ എൽഎൻജി (ദ്രവീകൃത പ്രകൃതി വാതകം) ഉൽപാദന ശേഷി പ്രതിവർഷം 142 ദശലക്ഷം ടണ്ണായി ഉയരും. പ്രതിവർഷം 16 എംടിപിഎ ശേഷിയുള്ള രണ്ട് വൻ എൽഎൻജി ട്രെയിനുകൾ, വാതക ശുദ്ധീകരണ പ്ലാന്റുകൾ, ഹീലിയം വേർതിരിക്കൽ സംവിധാനങ്ങൾ, ദ്രവീകൃത വാതക നിർമാണ യൂണിറ്റുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി വരും.എൽഎൻജിക്കൊപ്പം പ്രതിദിനം ഏകദേശം 1,75,000 ബാരൽ എണ്ണ, ഈഥേൻ, എൽപിജി എന്നിവയും ഉൽപാദിപ്പിക്കാൻ പദ്ധതിയുണ്ട്. ആഗോള വിപണിയിൽ എൽഎൻജിക്കുള്ള വർധിച്ചുവരുന്ന ആവശ്യത്തിനുള്ള ഖത്തറിന്റെ ശക്തമായ മറുപടിയാണ് ഈ പദ്ധതിയെന്ന് അൽ-കാബി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയിലൂടെ അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുത്തു സംഭരിക്കാനുള്ള ശേഷി പ്രതിവർഷം 1.1 ദശലക്ഷം ടണ്ണായിരിക്കും. 2035ഓടെ ഇത് 11 എംടിപിഎയായി ഉയർത്തുകയെന്നതാണ് ഖത്തറിന്റെ ലക്ഷ്യം. ഹരിതവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2031ഓടെ ഉൽപാദനം ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
