റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒക്ടോബറിലും രണ്ടാം സ്ഥാനത്ത് നിലനിൽക്കി. കഴിഞ്ഞ മാസം ഇന്ത്യ 2.5 ബില്യൺ ഡോളർ (ഏകദേശം ₹22,100 കോടി) മൂല്യമുള്ള റഷ്യൻ എണ്ണയാണ് വാങ്ങിയതെന്ന് ഹെൽസിങ്കിയിൽ പ്രവർത്തിക്കുന്ന Centre for Research on Energy and Clean Air (CREA) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒക്ടോബറിൽ രണ്ട് പ്രമുഖ റഷ്യൻ എണ്ണ കയറ്റുമതി സ്ഥാപനങ്ങൾക്ക്തിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അവ പ്രാബല്യത്തിൽ വരുംമുമ്പ് ഒപ്പുവെച്ച കരാറുകളാണ് ഇന്ത്യ കൈവരിച്ചത്. നവംബറിലും ഈ രീതിയിലുള്ള ഇറക്കുമതി തുടരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ ട്രംപിന്റെ പുതിയ ഉപരോധം പ്രാബല്യത്തിൽ വന്നതോടെ, റഷ്യൻ കമ്പനികളുമായി പുതിയ കരാറുകൾ ചെയ്യുന്നത് ഇന്ത്യൻ പെട്രോളിയം കമ്പനികൾ ഇപ്പോൾ പ്രധാനമായും ഒഴിവാക്കുകയാണ്. അതിനാൽ ഡിസംബർ മുതലുള്ള ഇറക്കുമതിയിൽ ഉപരോധത്തിന്റെ നേരിയ പ്രതിഫലനം പ്രകടമാകാൻ സാധ്യതയുണ്ട്.
റഷ്യയുടെ രണ്ട് പ്രധാന കമ്പനികൾ ഉപരോധത്തിൽ
ഉപരോധം ബാധിക്കുന്ന പ്രധാന സ്ഥാപനങ്ങൾ റഷ്യയിലെ റോസ്നെഫ്റ്റും ലൂക്കോയിൽ എന്നി വൻഎണ്ണകമ്പനികളാണ്.യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും റഷ്യയുടെ യുദ്ധവിനിയോഗത്തെ സാമ്പത്തികമായി തളർത്താനുമാണ് ട്രംപിന്റെയും യൂറോപ്യൻ യൂണിയന്റെയും ഈ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.
ആശ്ചര്യകരമായി, പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടും, മറ്റൊരു വശത്ത് റഷ്യൻ ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവ വാങ്ങുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്.
‘പിഴച്ചുങ്കം’ ഇന്ത്യയ്ക്കെ മാത്രം
റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചതിനെതിരെ 25% അധിക തീരുവ ഏർപ്പെടുത്തിയിട്ടുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിയാണെന്ന് അമേരിക്ക ആരോപിക്കുന്നു.യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന ക്രൂഡ് ഓയിലിന്റെ വിഹിതം ഒന്നുശതമാനത്തിലും താഴെയായിരുന്നു. യുദ്ധാനന്തര ഘട്ടത്തിൽ ലഭിച്ച വിലക്കുറവുമൂലം ഈ ഇറക്കുമതി കുത്തനെ ഉയർന്നതോടെ ഇന്ത്യ റഷ്യയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായി മാറി.

