രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരെ മൂല്യം 91ന് താഴെ, ചരിത്ര റെക്കോർഡ്

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഇന്നത്തെ വ്യാപാരത്തിനിടെ ഒരുഘട്ടത്തിൽ 36 പൈസ നഷ്ടപ്പെട്ട രൂപ, ഡോളറിനെതിരെ 91ന് താഴെ എത്തി. ഈ മാസത്തിനകം തന്നെ രൂപ 92ലേക്കും വീഴാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളാണ് വിപണിയിൽ ഉയരുന്നത്.

ഇന്നലെ മാത്രം രൂപയ്ക്ക് 29 പൈസയുടെ നഷ്ടമുണ്ടായിരുന്നു. ഇന്ത്യ–യുഎസ് വാണിജ്യ ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാത്തതും, വിദേശ നിക്ഷേപകർ വലിയ തോതിൽ ഓഹരികളും ബോണ്ടുകളും വിറ്റഴിക്കുന്നതും രൂപയുടെ വീഴ്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും ദുർബലമായ പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ മാറിയിരിക്കുകയാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിപണിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ രൂപയുടെ മൂല്യം ഇതിലും താഴെയായേനെ എന്നതാണ് പൊതുവായ വിലയിരുത്തൽ. ഈ വർഷം ഇതുവരെ മാത്രം രൂപയ്ക്ക് 6 ശതമാനത്തിലധികം മൂല്യനഷ്ടം സംഭവിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ ഏകദേശം 1,800 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്.

രൂപയുടെ വലിയ മൂല്യനഷ്ടം രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തെയും ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യ വാരത്തിൽ രേഖപ്പെടുത്തിയ 73,000 കോടി ഡോളറെന്ന റെക്കോർഡ് നിലയിൽ നിന്നു വിദേശ നാണ്യശേഖരം കഴിഞ്ഞ 5-ാം തീയതിയോടെ 68,730 കോടി ഡോളറിലേക്കാണ് താഴ്ന്നത്.