രാജ്യത്തെ ഹോട്ടൽ സ്റ്റാർ റേറ്റിങ് സംവിധാനം പരിഷ്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ(ക്യുസിഐ) തയാറാക്കിയിരിക്കുന്ന ‘സിസ്റ്റം ഫോർ ടൂറിസം അക്രഡിറ്റേഷൻ റേറ്റിങ്(സ്റ്റാർ)’ എന്ന കരട് ആശയരേഖയിൽ കേന്ദ്രസർക്കാരിനു പുറത്തുള്ള മൂന്നാമതൊരു ഏജൻസി ഹോട്ടലുകളുടെ റേറ്റിങ് നിർവഹിക്കണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുന്നു.
നിലവിൽ ഹോട്ടലുകളുടെ റേറ്റിങ് നിർണയിക്കുന്നതിലെ അപാകത കേന്ദ്രമന്ത്രാലയം സമ്മതിക്കുന്നുണ്ട്. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസ്(എൻഎബിസിബി) എന്ന കേന്ദ്ര സ്ഥാപനത്തിനു കീഴിലുള്ള ഏജൻസികളെ അക്രഡിറ്റേഷൻ നടപടികൾ ഏൽപ്പിക്കണമെന്നും ഇവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സ്റ്റാർ റേറ്റിങ് നൽകണമെന്നുമാണു ശുപാർശ.
രാജ്യാന്തര മാനദണ്ഡങ്ങൾ അനുസരിച്ചു മുറികളും സംവിധാനങ്ങളും വിലയിരുത്തി സ്റ്റാർ റേറ്റിങ് നൽകാനുള്ള മാനദണ്ഡങ്ങൾ തയാറാക്കും. എൻഎബിസിബി അനുമതി നൽകുന്ന ഏജൻസി ഇതിന്റെ മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തും. ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏജൻസി പരിശോധന നടത്തുമെന്നും ഇവരുടെ റിപ്പോർട്ടും ശുപാർശയും ഓൺലൈനിൽ തന്നെ അപ്ലോഡ് ചെയ്യുമെന്നുമാണു നിർദേശം. വിനോദസഞ്ചാര മന്ത്രാലയം നിയമിക്കുന്ന വിദഗ്ധ സമിതി ഇതു പരിശോധിച്ച ശേഷം സ്റ്റാർ റേറ്റിങ് നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കും. ഹോട്ടൽ രംഗത്തെ വിവിധ സംഘടനകൾക്കു കൈമാറിയ കരട് ആശയരേഖയിൽ 10 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണു നിർദേശിച്ചിരിക്കുന്നത്. ശുപാർശകളും വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ

