യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുൻപ് എല്ലാ കമ്പനികളും ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ നിയമം അനുസരിച്ച് അനിശ്ചിതകാല കരാർ ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഹ്രസ്വകാല തൊഴിൽ കരാർ ഉണ്ടാക്കി ജോലി ചെയ്യാം. ഇത്തരക്കാർക്കും വിദഗ്ധ ജോലിക്കാർക്കും മണിക്കൂർ അടിസ്ഥാനത്തിൽ ലേബർ കോൺട്രാക്റ്റ് രൂപപ്പെടുത്താമെന്നതാണ് തൊഴിലാളികളുടെ നേട്ടം.ജോലിയിൽ വേണ്ടത്ര നൈപുണ്യമില്ലാത്തവരെ ദീർഘകാലത്തേക്ക് എടുക്കുന്നതിനു പകരം ഹ്രസ്വകാല കരാറുണ്ടാക്കാം. ഈ കാലയളവിൽ മികവു പുലർത്താത്ത ജോലിക്കാരന്റെ കരാർ കാലാവധി പുതുക്കുന്നില്ലെന്ന് അറിയിച്ച് പുതിയ ആളെ എടുക്കാൻ അവസരം ലഭിക്കും.
അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ എന്നീ ഫ്രീസോണുകളിൽ ഉള്ളവരും ഗാർഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.

