പൂര്ണമായും എഥനോള് ഇന്ധനമാക്കിയുള്ള വാഹനങ്ങള് പുറത്തിറക്കാന് സമയമായെന്ന് ഓര്മിപ്പിച്ച് വാഹന നിര്മാതാക്കളും കരിമ്പ് കര്ഷകരും

നിലവില് 20 ശതമാനം എഥനോള് കലര്ത്തിയ ഇ20 പെട്രോളാണ് ലഭ്യമാക്കുന്നത്. ഭാവിയില് അത് ഇ30, ഇ40 എന്നിങ്ങനെ ഉയര്ത്തിക്കൊണ്ടുവരാതെ ഒറ്റയടിക്ക് 100 ശതമാനം എഥനോളുള്ള ഇന്ധനം ലഭ്യമാക്കുകയാണ് വേണ്ടതെന്നാണ് ടൊയോട്ട കിര്ലോസ്കര് തലവന് വിക്രം ഗുലാട്ടി പ്രതികരിച്ചത്.
നേരത്തെ നിശ്ചയിച്ചതിനേക്കാളും അഞ്ച് വര്ഷം മുന്നോടിയായാണ് ഇ20 പെട്രോള് രാജ്യത്ത് അവതരിപ്പിച്ചത്. പെട്രോളിയം ഇറക്കുമതി കുറക്കാനും രാജ്യത്ത് താരതമ്യേന സുലഭമായ എഥനോള് പകരം ഇന്ധനമായി ഉപയോഗിക്കാനും ഇത് സഹായിക്കും. ഇതിനൊപ്പമുള്ള സാമ്പത്തിക നേട്ടവുമാണ് എഥനോള് കലര്ന്ന പെട്രോള് വേഗത്തില് അവതരിപ്പിക്കാന് സര്ക്കാരിനെ പ്രേരിപ്പിക്കുന്നത്

ഫ്ളക്സ് ഫ്യുവല് വാഹനങ്ങളില് ഇ20 മുതല് ഇ100 വരെയുള്ള ഇന്ധനങ്ങള് ഉപയോഗിക്കാനാവും. ഇത് ഉപഭോക്താക്കള്ക്ക് ഏതു തരം ഇന്ധനങ്ങള് ഉപയോഗിക്കാമെന്ന സ്വാതന്ത്ര്യവും നല്കുന്നു. രാജ്യത്തെ എഥനോളിന്റെ ഉപയോഗസാധ്യതകളെ പരമാവധി മുതലാക്കാനും ഇത് സഹായിക്കും. ഫ്ളക്സ് ഫ്യുവല് വാഹനങ്ങള് വരുന്നതോടെ എഥനോള് നിര്മാണ വ്യവസായങ്ങള്ക്കും കര്ഷകര്ക്കും പഞ്ചസാര മില്ലുകള്ക്കുമെല്ലാം ഇത് വലിയ സഹായമാവുകയും ചെയ്യും.

ബ്രസീലില് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി വിജയകരമായി ഫ്ളക്സ് ഫ്യുവല് വാഹനങ്ങള് ഉപയോഗിക്കുന്നുണ്ട്. പെട്രോളിനെ അപേക്ഷിച്ച് 33% വില കുറവാണ് ബ്രസീലില് എഥനോളിന്. ഇന്ധനക്ഷമതയിലുണ്ടാവുന്ന 26-27ശതമാനത്തിന്റെ കുറവ് ഈ വിലക്കുറവുകൊണ്ട് പരിഹരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില് വില വ്യത്യാസമില്ലെങ്കില് എഥനോള് ഇന്ധനം സ്വീകരിക്കാന് ഉപഭോക്താക്കള്ക്ക് വലിയ താത്പര്യമുണ്ടാവുകയുമില്ല

എഥനോള് നിര്മാണം രാജ്യത്ത് കൂടുതലാണെന്ന് ഇന്ത്യന് ഷുഗര് ആന്റ് ബയോ എനര്ജി മാനുഫാക്ചറേഴ്സ് അസോസിയേഷന് ഡയറക്ടര് ജനറല് ദീപക് ബല്ലാനി ചൂണ്ടിക്കാണിക്കുന്നുണ്ട്. 2025-26 സീസണില് ഓയില് കമ്പനികള്ക്ക് 1,048 കോടി ലീറ്റര് എഥനോളാണ് ആവശ്യമായി വന്നത്. ആകെ 1,900 കോടി ലീറ്റര് എഥനോള് രാജ്യത്ത് ഉത്പാദിപ്പിച്ചു. വ്യാവസായിക ആവശ്യത്തിന് ഏകദേശം 330 കോടി ലീറ്റര് എഥനോളാണ് വേണ്ടി വന്നത്. അപ്പോഴും 450 കോടി ലീറ്ററോളം എഥനോള് ഉപയോഗശൂന്യമായി.

ഫോസില് ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോള് കുറഞ്ഞ മലിനീകരണം മാത്രമാണ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വാഹനങ്ങളില് ഉപയോഗിക്കുന്ന ഓരോ ലീറ്റര് എഥനോളും പെട്രോളിയം ഇറക്കുമതിയിലും തുല്യമായ കുറവ് വരുത്തുകയും ചെയ്യുന്നു. ആവശ്യമായ പെട്രോളിയത്തിന്റെ 88ശതമാനവും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്ത് എഥനോളിന്റെ വരവ് വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.
കൊറോളയുടെ ഫ്ളക്സ് ഫ്യുവല് ഹൈബ്രിഡ് പ്രോട്ടോടൈപ്പ് ടൊയോട്ട പുറത്തിറക്കിയിരുന്നു. ഈ വാഹനത്തില് ഉപയോഗിക്കുന്ന അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റമാണ് ഇന്നോവ ഹൈക്രോസിലും അര്ബന് ക്രൂസര് ഹൈറൈഡറിലുമുള്ളത്. നിലവിലെ പ്ലാറ്റ്ഫോമുകളില് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാവുമെന്നാണ് ടൊയോട്ട അറിയിക്കുന്നത്. അപ്പോഴും എഥനോളിന്റെ വിലയും നികുതിയും അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും ഈ നീക്കമെന്നും ടൊയോട്ട അറിയിക്കുന്നുണ്ട്.

സാധാരണ പെട്രോള് കാറുകളില് 40,000 രൂപ മുതല് 50,000 രൂപ വരെ ചിലവാക്കിയാല് ഫ്ളക്സ് ഫ്യുവല് ഉപയോഗിക്കാനാവും. സ്ട്രോങ് ഹൈബ്രിഡ് ഫ്ളക്സ് ഫ്യുവല് വാഹനങ്ങളില് അധിക ചിലവ് 3 ലക്ഷം മുതല് 3.25 ലക്ഷം രൂപ വരെയായി ഉയരും. ജിഎസ്ടിയും സെസും കൂടി വരുന്നതോടെ ഇത് പിന്നെയും 3.25 ലക്ഷം മുതല് 4.8 ലക്ഷം രൂപ വരെയായി കൂടും. നയപരമായ ഇടപെടലുകള് വഴി ഫ്ളക്സ് ഫ്യുവല് വാഹനങ്ങളില് നികുതി ഇളവുകള് നല്കുകയാണെങ്കില് ഈ മേഖലക്ക് ആശ്വാസമാവുമെന്നാണ് ടൊയോട്ടയെ പോലുള്ള വാഹന നിര്മാതാക്കള് അഭിപ്രായപ്പെടുന്നത്.