തെലങ്കാനയിൽ ₹1 ലക്ഷം കോടി നിക്ഷേപവുമായി ട്രംപ് ഗ്രൂപ്പ്; ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെ പദ്ധതികൾ

അടുത്ത 10 വർഷത്തിനകം തെലങ്കാനയിലെ ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ₹1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷന്റെ സിഇഒയും ട്രൂത്ത് സോഷ്യൽ സ്ഥാപക സിഇഒയുമായ എറിക് സ്വൈഡറാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യ വേഗത്തിൽ ഉയര്ന്നു വരികയാണെന്നും ആഗോള ടെക്നോളജി രംഗത്തെ നേതൃസ്ഥാനത്തേക്ക് കടക്കുകയാണെന്നും സ്വൈഡർ അഭിപ്രായപ്പെട്ടു. “20 വർഷം മുമ്പ് ഇന്ത്യയെ ഒരു ‘കോൾ സെന്റർ’ രാഷ്ട്രമായി കണ്ടിരുന്നുവെങ്കിലും ഇന്ന് ലോകത്തെ മുൻനിര ടെക് കമ്പനികളെ നയിക്കുന്നത് ഇന്ത്യക്കാർ തന്നെയാണ്,” എന്ന് അദ്ദേഹം തെലങ്കാന റൈസിങ് ഗ്ലോബൽ സമ്മിറ്റിൽ പറഞ്ഞു.രണ്ടുദിവസത്തെ സമിറ്റിൽ തെലങ്കാനയ്ക്ക് ഏകദേശം ₹2.5 ലക്ഷം കോടിയോളം നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചു. ട്രംപ് ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന് പുറമേ 35 വ്യത്യസ്ത ധാരണാപത്രങ്ങളിലൂടെ (MoUs) മൊത്തം ₹1.9 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളാണ് ഒപ്പുവെച്ചത്.

തെലങ്കാനയുടെ മത്സരം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായല്ലെന്നും മറിച്ച് ചൈന, ജപ്പാൻ, ജർമനി, സിംഗപ്പൂർ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുമായാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. 2047 ഓടെ തെലങ്കാനയെ 3 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.