അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലേറ്റ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ സംരംഭമായ ടോട്ടൽ എനർജീസ് തയ്യാറെടുക്കുന്നു. നിലവിൽ 19% ഓഹരി കൈവശമുള്ള ടോട്ടൽ എനർജീസ് ഇതിൽ 6% വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ കമ്പനിക്ക് ഏകദേശം 10,000 കോടി രൂപ സമാഹരിക്കാനാകും.
ഇപ്പോൾ ടോട്ടൽ എനർജീസ് രണ്ട് ഉപസ്ഥാപനങ്ങളിലൂടെയാണ് ഓഹരികൾ കൈവശംവെച്ചിരിക്കുന്നത് — ടോട്ടൽ എനർജീസ് റിന്യൂവബിൾസ് ഇന്ത്യൻ ഓഷ്യൻ ലിമിറ്റഡിന് 15.58%യും ടോട്ടൽ എനർജീസ് സോളർ വിൻഡ് ഇന്ത്യൻ ഓഷ്യൻ ലിമിറ്റഡിന് 3.41%ഉം. 2021-ൽ 250 കോടി ഡോളർ (ഏകദേശം ₹21,000 കോടി) ചെലവിട്ടാണ് ഇവർ അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ ഏറ്റെടുത്തത്. ഇന്നത് 800 കോടി ഡോളർ (₹72,000 കോടി) മൂല്യമുള്ളതിനാൽ, വലിയ ലാഭത്തിലായിരിക്കും വിറ്റഴിക്കൽ.
ഓഹരികൾ സ്വന്തമാക്കുന്നത് അദാനി ഗ്രീൻ എനർജി തന്നെയായിരിക്കുമെന്ന സൂചനകളുണ്ട്. എന്നാൽ ഇരു കമ്പനികളും ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1.67 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരികൾ ഇന്ന് ഉച്ചയ്ക്ക് മുമ്പ് എൻ.എസ്.ഇയിൽ 1.14% ഇടിഞ്ഞ് ₹1,018.80-ൽ വ്യാപാരം ചെയ്തു.2015-ൽ പ്രവർത്തനം തുടങ്ങിയ അദാനി ഗ്രീൻ എനർജി ഇപ്പോൾ ഇന്ത്യയിലെ പ്രധാന റിന്യൂവബിൾ എനർജി കമ്പനികളിൽ ഒന്നാണ്. 16.6 ഗിഗാവാട്ട് സംയോജിത ശേഷിയുള്ള കമ്പനി 2030ഓടെ അത് 50 ഗിഗാവാട്ടായി ഉയർത്താനുള്ള ലക്ഷ്യത്തിലാണ്. നിലവിൽ കമ്പനി ഓഹരികളിൽ 62.43% പ്രമോട്ടർമാരുടെ കൈവശമാണ്; പൊതുഓഹരി ഉടമകളുടെ പങ്കാളിത്തം 37.57%. എൽഐസിക്ക് 1.64%യും മ്യൂച്വൽ ഫണ്ടുകൾക്ക് 1.30%ഉം ഓഹരികളുണ്ട്.

