അദാനി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 9 മാസത്തിനകം ചരിത്ര നേട്ടം കുറിച്ചു. ആദ്യ വർഷാവസാനം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നായിരുന്നു ലക്ഷ്യം. എന്നാൽ, വിഴിഞ്ഞം 9 മാസത്തിനകം തന്നെ 10 ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് റെക്കോർഡ് സ്ഥാപിച്ചു.
“ഇത് കേരളത്തിനും ഇന്ത്യയ്ക്കും അഭിമാന നിമിഷമാണ്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. റെയിൽ കണക്ടിവിറ്റിയും ഉറപ്പാക്കും.”-സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു:
2024 ഡിസംബർ 3നാണ് വിഴിഞ്ഞം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയത്. ഇതിനകം 26 വമ്പൻ കപ്പലുകൾ ഉൾപ്പെടെ 460-ലേറെ വെസ്സലുകൾ എത്തിയിട്ടുണ്ട്. ലോകത്തെ മുൻനിര തുറമുഖങ്ങളെ പോലെ തന്നെ കാര്യക്ഷമമായ പ്രവർത്തനം വിഴിഞ്ഞം കാഴ്ചവച്ചതായാണ് വിലയിരുത്തൽ.വിഴിഞ്ഞത്തിന്റെ 18.5 മീറ്റർ സ്വാഭാവിക ആഴം വലിയ ആനുകൂല്യമാണ്. ഡ്രെജിങ് നടത്താതെ തന്നെ വൻകിട കപ്പലുകൾ തുറമുഖത്ത് എത്താൻ സാധിക്കുന്നു. തുറമുഖം പൂർണ ശേഷിയോടെ പ്രവർത്തനം തുടങ്ങിയാൽ, യൂറോപ്പ്, ആഫ്രിക്ക, യുഎസ്, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽ നിന്നു നേരിട്ടു ചരക്കുകൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി നടത്താനും കഴിയും. ഇതോടെ കൊളംബോ, ദുബായ്, സിംഗപ്പൂർ പോലുള്ള വിദേശ തുറമുഖങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും.
