ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി

ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായി പുതിയ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ച് യുപിഐ ആപ്പുകൾ. ഇനി മുതൽ ഗൂഗിൾ പേ (GPay), ഫോൺപേ, ഭീം (BHIM), ക്രെഡ് (CRED) തുടങ്ങിയ പ്രമുഖ പേയ്‌മെന്റ് ആപ്പുകളിലൂടെ 5,000 രൂപ വരെ പണമിടപാട് നടത്താൻ പിൻ നമ്പർ നൽകേണ്ടതില്ല. പകരം ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാം.

ഈ സൗകര്യം കഴിഞ്ഞ വർഷം തന്നെ നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് വിവിധ യുപിഐ ആപ്പുകളിൽ ലഭ്യമായിത്തുടങ്ങിയത്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ഇടപാടുകൾ ഉറപ്പാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

ഭീം ആപ്പിൽ ആദ്യം

ബയോമെട്രിക് അധിഷ്ഠിത പേയ്‌മെന്റ് സൗകര്യം ആദ്യം ലഭ്യമാക്കിയത് ഭീം ആപ്പിലാണ്. നിലവിൽ യുപിഐ ലൈറ്റ് (UPI Lite) ഒഴികെയുള്ള സാധാരണ യുപിഐ ഇടപാടുകൾക്ക് പിൻ നമ്പർ നിർബന്ധമാണ്. എന്നാൽ പുതിയ സംവിധാനത്തിൽ, ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരൽ പതിപ്പിച്ച് തന്നെ ഇടപാട് സ്ഥിരീകരിക്കാനാകും.രാജ്യത്ത് വിൽക്കുന്ന പുതിയ സ്മാർട്ഫോണുകളുടെ ഏകദേശം 70 ശതമാനത്തിലും ഫിംഗർപ്രിന്റ് അല്ലെങ്കിൽ മറ്റ് ബയോമെട്രിക് സംവിധാനങ്ങൾ ലഭ്യമാണ്. അതിനാൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. എന്നാൽ ചില മോഡൽ ഫോണുകളിൽ ഫീച്ചർ ലഭ്യമാകാൻ കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്.

ഗൂഗിൾ പേയിൽ ബയോമെട്രിക് സംവിധാനം എങ്ങനെ സജ്ജമാക്കാം?

ഫോൺ അൺലോക്ക് ചെയ്യാൻ നിലവിൽ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിക്കുന്നവർക്കാണ് ഈ സംവിധാനം എളുപ്പത്തിൽ സജ്ജമാക്കാൻ കഴിയുക.

ക്രമം ഇങ്ങനെ:

ഗൂഗിൾ പേ ആപ്പ് തുറക്കുക.
മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക.
‘Payment Methods’ എന്ന വിഭാഗത്തിൽ ‘Bank Account’ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
താഴെ കാണുന്ന ‘Manage Biometrics’ എന്ന ഓപ്ഷൻ തുറക്കുക.
‘Use Fingerprint or Face ID’ എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുക.
സുരക്ഷാ പരിശോധനയ്ക്കായി നിലവിലെ യുപിഐ പിൻ നൽകുക.
തുടർന്ന് ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി സ്ഥിരീകരിക്കുക.
ഫോണിൽ ഫിംഗർപ്രിന്റ് സജ്ജമാക്കിയിട്ടില്ലെങ്കിൽ?

ഫോണിൽ ഇതുവരെ ഫിംഗർപ്രിന്റ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഫോൺ സെറ്റിംഗ്സിൽ പോയി ബയോമെട്രിക് സംവിധാനം പ്രവർത്തനക്ഷമമാക്കണം. അവിടെ ഫിംഗർപ്രിന്റ് രജിസ്റ്റർ ചെയ്തശേഷം മാത്രമേ ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സജ്ജമാക്കാൻ കഴിയൂ.

വേഗത്തിലും സുരക്ഷിതമായും പണമിടപാട്

പുതിയ സംവിധാനത്തിലൂടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയയ്ക്കുമ്പോൾ ഇനി പിൻ നമ്പറിന് പകരം ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ആവശ്യപ്പെടും. അത് സ്ഥിരീകരിക്കുന്നതോടെ ഏതാനും നിമിഷങ്ങൾക്കകം ഇടപാട് പൂർത്തിയാകും. ഇതിലൂടെ പിൻ ഓർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നതിനൊപ്പം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും യുപിഐ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും.