കൊച്ചി വിമാനത്താവളത്തിൽ സുരക്ഷയും സാങ്കേതികതയും ശക്തം;എയർ ഇന്ത്യ സാറ്റ്സ് എത്തി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതല ഇനി എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (AISATS). തിരുവനന്തപുരത്തിന് പിന്നാലെ കേരളത്തിൽ കൊച്ചിയിലും പ്രവർത്തനം വിപുലീകരിക്കുന്നതോടെ, രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ സാറ്റ്സ് സാന്നിധ്യമാക്കുന്നത്.ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലിമിറ്റഡും, എയർ കാർഗോ രംഗത്തെ ആഗോള വമ്പനായ സാറ്റ്സ് ലിമിറ്റഡും 50:50 പങ്കാളിത്തത്തിലുള്ള സംരംഭമാണ് എയർ ഇന്ത്യ സാറ്റ്സ്. 2008-ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്.

തുടക്കത്തിൽ 150 ജീവനക്കാർ

കൊച്ചിയിൽ ആദ്യഘട്ടത്തിൽ 150 ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമാതീതമായി കൂട്ടുമെന്ന് എയർ ഇന്ത്യ സാറ്റ്സ് ബിസിനസ് ഡെവലപ്മെന്റ് മേധാവി കൽപേഷ് സിംഗും കൊച്ചി സ്റ്റേഷൻ ഹെഡ് സെന്തിൽ കുമാറും അറിയിച്ചു.
രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങളും ഉറപ്പാക്കുന്നതാണ് കമ്പനിയുടെ ലക്ഷ്യം.

കൊച്ചി വിമാനത്താവളത്തിന്റെ വൻ വ്യാപ്തി

നിലവിൽ 28ലധികം എയർലൈൻസുകൾ കൊച്ചി വിമാനത്താവളം വഴി സർവീസ് നടത്തുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 60,000 ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരെയും കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തിരുന്നു.പുതുതലമുറ സേവന പ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക്ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ, എൻഡ്-ടു-എൻഡ് ബാഗേജ് ട്രാക്കിങ് സാങ്കേതിക വിദ്യകൾ എന്നിവ ഇനി യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ സാറ്റ്സ് അറിയിച്ചു.

സുരക്ഷയിലും ഹരിത സാങ്കേതികതയിലും മുൻനിര

പുതുതായി നടപ്പാക്കിയ ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറൻസ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാൻഡ്ലറാണ് എയർ ഇന്ത്യ സാറ്റ്സ്.ഇന്ത്യയിലെ ആദ്യ റോബോട്ടിക് ഡ്രൈ വാഷ് സംവിധാനം,
റിയൽ ടൈം റിസോഴ്സ് അലോക്കേഷൻ ഗ്രൗണ്ട് റഡാർ പ്ലാറ്റ്ഫോം,ഇലക്ട്രിക് ജിഎസ്ഇ,സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോർഡിങ് റാമ്പുകൾഎന്നിവ ഉൾപ്പെടെയുള്ള നിരവധി ഹരിത സംരംഭങ്ങൾക്കും എയർ ഇന്ത്യ സാറ്റ്സ് തുടക്കം കുറിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും സാന്നിധ്യം

ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മംഗളൂരു, റാഞ്ചി, റായ്പൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും എയർ ഇന്ത്യ സാറ്റ്സ് ഇതിനകം പ്രവർത്തിച്ചു വരുന്നു.കൊച്ചി വിമാനത്താവളത്തിൽ നിലവിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് നിർവഹിക്കുന്ന ബേർഡ് വേൾഡ്വൈഡ് ഫ്ലൈറ്റ് സർവീസിനും എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിനും പുറമേയാണ് ഇനി എയർ ഇന്ത്യ സാറ്റ്സും പ്രവർത്തനം ആരംഭിക്കുന്നത്.

സെലബി കമ്പനിയുടെ അനുമതി പിൻവലിച്ചിരുന്നു

കൊച്ചിയിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് നടത്തിയിരുന്ന ടർക്കിഷ് കമ്പനിയായ സെലബി എയർപോർട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി ഇക്കഴിഞ്ഞ മേയിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പിൻവലിച്ചിരുന്നു.‘ഓപ്പറേഷൻ സിന്ദൂർ’ കാലഘട്ടത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിനെ തുടർന്നായിരുന്നു ഈ നടപടി.