ഇറാനിൽ കടുത്ത നീക്കവുമായി യുഎസ്; 50% തീരുവ ഭീഷണിയുമായി ട്രംപ്, ഹോർമുസിൽ കർശന പരിശോധന

ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കാൻ യുഎസ് പുതിയ നീക്കങ്ങളുമായി രംഗത്ത്. ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താനും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനുമാണ് തീരുമാനം. ഹോർമുസ് കടലിടുക്ക് വഴി മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ടാകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണയ്ക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും 50% വരെ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് Donald Trump മുന്നറിയിപ്പ് നൽകി.

ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30ന് ശേഷം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളെയും പരിശോധിക്കുമെന്ന് Donald Trump അറിയിച്ചു. യുഎസ്–ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഈ നിർണായക തീരുമാനം.ഇതിനിടെ, രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിൽ വലിയ പ്രതിസന്ധി രൂപപ്പെടാനുള്ള സാധ്യത ഉയരുന്നു. ഇറാനെതിരെ ഉപരോധം വന്നാൽ പ്രതിദിനം 1.5 മുതൽ 1.7 ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ ലഭ്യത കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതിനോടൊപ്പം മേഖലയിൽ മറ്റ് രാജ്യങ്ങളും ഉൽപ്പാദനം കുറച്ചതോടെ വിപണിയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാം. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.

ഹോർമുസിൽ യുഎസ് ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമായി കാണുമെന്നും അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിൽ സൈനിക സംഘർഷ സാധ്യത ഉയരുകയും വിപണികൾക്ക് കൂടുതൽ ആഘാതമുണ്ടാകുകയും ചെയ്യും.അതേസമയം, ഇറാനിൽ ടോൾ നൽകി ഹോർമുസ് കടക്കുന്ന കപ്പലുകൾ മാത്രമേ തടയുകയുള്ളൂവെന്ന നിലപാടാണ് യുഎസ് വ്യക്തമാക്കുന്നത്. അതിനാൽ ആഗോള സമുദ്ര ഗതാഗതത്തെ വലിയ തോതിൽ ബാധിക്കില്ലെന്ന വിലയിരുത്തലും നിലനിൽക്കുന്നു.

വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹോർമുസ് വഴിയുള്ള സമുദ്ര ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഈ വഴി സഞ്ചരിക്കാൻ ശ്രമിച്ച കപ്പലുകളെ ഇറാൻ ഭീഷണിപ്പെടുത്തി മടക്കിയെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തലിന് ശേഷം 19 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നതെന്ന് മാരിടൈം ഏജൻസികളുടെ ഡാറ്റ വ്യക്തമാക്കുന്നു.ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കത്തിന് ശക്തമായ പ്രതികരണവുമായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ Mohammad Bagher Ghalibaf രംഗത്തെത്തി. “ഇന്നത്തെ പെട്രോൾ വില അമേരിക്കക്കാർ ആസ്വദിക്കട്ടെ; അത് ഉടൻ തന്നെ ഓർമ്മയായിമാത്രം മാറും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുഎസുമായി ബന്ധമുള്ള ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നീങ്ങാനിടയുണ്ടെന്ന സൂചനയായി ഇതിനെ വിലയിരുത്തുന്നു.

വിപണികൾ സമ്മർദ്ദത്തിൽ

ഒരാഴ്ച നീണ്ട നേട്ടങ്ങൾക്ക് ശേഷം ഓഹരി വിപണികൾ വീണ്ടും ഇടിവിലേക്കാണ് നീങ്ങുന്നത്. വെള്ളിയാഴ്ച 1.2 ശതമാനം ഉയർന്ന് 77,520.25ൽ സെൻസെക്സ് ക്ലോസ് ചെയ്തു. നിഫ്റ്റി 1.16 ശതമാനം നേട്ടത്തോടെ 24,050.60ൽ എത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മികച്ച മുന്നേറ്റമായിരുന്നു കഴിഞ്ഞ ആഴ്ച വിപണി രേഖപ്പെടുത്തിയതെങ്കിലും, പുതിയ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്.