ഇന്ത്യ–ഇയു വ്യാപാര കരാർ തിരിച്ചടിയാകുമോ? ആശങ്കയിൽ പാക്കിസ്ഥാനും ബംഗ്ലദേശും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഉടൻ നിലവിൽ വരാനിരിക്കുന്ന വ്യാപാര കരാറിലെ വ്യവസ്ഥകൾ തങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പാക്കിസ്ഥാനും ബംഗ്ലദേശും. ഇരുരാജ്യങ്ങളുടെയും പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളായ ടെക്സ്റ്റൈൽ മേഖലയാണ് കരാറിലൂടെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക എന്ന വിലയിരുത്തലാണ് ഉയരുന്നത്.

വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ തീരുവയില്ലാതെ യൂറോപ്യൻ വിപണിയിലെത്തി കുറഞ്ഞ വിലയിൽ വിൽക്കാനാകും. ഇതോടെ തങ്ങളുടെ യൂറോപ്യൻ വിപണി കൈവിടേണ്ടി വരുമോയെന്ന ഭീതിയിലാണ് പാക്കിസ്ഥാനും ബംഗ്ലദേശും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും, യൂറോപ്യൻ വിപണിക്ക് പകരമായി യുഎസിലേക്കുള്ള കയറ്റുമതി വർധിപ്പിക്കണമെന്നും പാക്കിസ്ഥാൻ ടെക്സ്റ്റൈൽ കൗൺസിൽ ഷഹബാസ് ഷെരീഫ് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ പാക്കിസ്ഥാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് ഏകദേശം 9 ബില്യൻ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ 65 ശതമാനവും ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളാണ്. ഇന്ത്യയിൽ നിന്നുള്ള ഉയർന്ന ഗുണമേന്മയുള്ള തുണിത്തരങ്ങളോട് മത്സരിക്കാൻ ഇതിനകം തന്നെ പാക്കിസ്ഥാന് കഴിയുന്നില്ലെന്നും, വ്യാപാര കരാർ കൂടി നടപ്പിലായാൽ സ്ഥിതി ഗുരുതരമാകുമെന്നും പാക് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

2024ൽ പാക്കിസ്ഥാൻ 6.2 ബില്യൻ ഡോളറിന്റെയും ഇന്ത്യ 5.6 ബില്യൻ ഡോളറിന്റെയും ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളാണ് യൂറോപ്പിൽ വിറ്റതെന്നാണ് പാക്കിസ്ഥാൻ കണക്കുകൾ.യൂറോപ്യൻ യൂണിയന്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പദ്ധതിയിലൂടെ ലഭിച്ച തീരുവ ഇളവാണ് ഇന്ത്യയെക്കാൾ കയറ്റുമതിയിൽ മുന്നിലെത്താൻ പാക്കിസ്ഥാനെ സഹായിച്ചത്. എന്നാൽ ഈ ഇളവ് അടുത്ത കാലത്ത് പിൻവലിക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് സൂചനകൾ.അതേസമയം, നിലവിൽ ശരാശരി 12 ശതമാനം തീരുവ നൽകുന്ന ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ കരാർ നിലവിൽ വന്നാൽ തീരുവയില്ലാതെ യൂറോപ്യൻ വിപണിയിലെത്തും. ഇതോടെ പാക്കിസ്ഥാന്റെ യൂറോപ്യൻ വിപണി ഇന്ത്യ കൈയ്യടക്കുമെന്ന ആശങ്കയാണ് ഉയരുന്നതെന്ന് പാക്കിസ്ഥാൻ ടെക്സ്റ്റൈൽ കൗൺസിൽ ചെയർമാൻ ഫവാദ് അൻവർ പറഞ്ഞു.

തീരുവ ഇളവിനൊപ്പം ഇന്ത്യ പ്രഖ്യാപിച്ച വ്യവസായ സൗഹൃദ നയങ്ങളും പാക്കിസ്ഥാന് തിരിച്ചടിയാകുമെന്നും അൻവർ ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കിൽ വൈദ്യുതി, അസംസ്കൃത വസ്തുക്കൾക്ക് സബ്സിഡി, വിവിധ ഇൻസെന്റീവുകൾ എന്നിവയിലൂടെ ഇന്ത്യൻ സർക്കാർ ടെക്സ്റ്റൈൽ മേഖലയെ ശക്തിപ്പെടുത്തുകയാണ്. എന്നാൽ ഉയർന്ന വൈദ്യുതി നിരക്കും നികുതി ഭാരവും പാക്കിസ്ഥാനിലെ വ്യവസായങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വർഷങ്ങളെടുത്ത് നേടിയെടുത്ത യൂറോപ്യൻ വിപണി പാക്കിസ്ഥാൻ നഷ്ടപ്പെടുമെന്നും, ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും വിദേശനാണ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുകയും ചെയ്യുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. യൂറോപ്പിലേക്കുള്ള പാക്കിസ്ഥാന്റെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ 5–10 ശതമാനം വരെ ഇടിവുണ്ടാകാമെന്നും, ഇത് ഏകദേശം 5,600 കോടി രൂപയുടെ നഷ്ടമാകുമെന്നും അനലിസ്റ്റുകൾ കണക്കാക്കുന്നു.

പാക്കിസ്ഥാനെ കൂടാതെ യൂറോപ്യൻ വിപണിയിലേക്ക് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ബംഗ്ലദേശ്, വിയറ്റ്നാം, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ–ഇയു വ്യാപാര കരാർ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ടെക്സ്റ്റൈൽ കയറ്റുമതിയിലൂടെ ബംഗ്ലദേശ് 16 ബില്യൻ ഡോളറിലധികം വരുമാനം നേടി. തീരുവയില്ലാതെ കയറ്റുമതി സാധ്യമായതായിരുന്നു പ്രധാന നേട്ടം. എന്നാൽ ഈ തീരുവ ഇളവ് ഈ വർഷം അവസാനിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബംഗ്ലദേശിലെ കയറ്റുമതിക്കാരും ആശങ്കയിലാണ്.

അതേസമയം, ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി അടുത്ത കാലത്ത് 30–40 ബില്യൻ ഡോളറിലേക്ക് ഉയരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. കാർഷിക മേഖലയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ടെക്സ്റ്റൈൽ വ്യവസായം. ഏകദേശം നാല് കോടി പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ടെന്നും, വ്യാപാര കരാർ നടപ്പിലായാൽ 60–70 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തീരുവ രഹിതമായി കയറ്റുമതി നടത്തിയിരുന്ന ബംഗ്ലദേശ് പോലുള്ള രാജ്യങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും ഗോയൽ കൂട്ടിച്ചേർത്തു.