ഇന്ത്യൻ പൗൾട്രിക്ക് സൗദി വിലക്ക്; 40 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണ നിരോധനം

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട തുടങ്ങിയ പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് Saudi Food and Drug Authority. കൂടാതെ 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണി മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത കാലത്ത് പ്രഖ്യാപിച്ച ഏറ്റവും വലിയ ഇറക്കുമതി നിരോധനങ്ങളിലൊന്നാണ് ഇത്. വിലക്ക് എത്രകാലത്തേക്കാണെന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആരോഗ്യഭീഷണി മാറിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് സൂചനയുണ്ട്.

ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ എന്നിവ ഉൾപ്പെടുന്ന 40 രാജ്യങ്ങൾക്കാണ് സമ്പൂർണ വിലക്ക് ബാധകമായിരിക്കുന്നത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയുമാണ് ലക്ഷ്യമെന്ന് വിശദീകരണം. 2004 മുതൽ തന്നെ ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് നിരോധനം നിലവിലുണ്ടായിരുന്നു; പുതിയ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെയും ഉൾപ്പെടുത്തിയതാണ് ഇപ്പോഴത്തെ നടപടി. പക്ഷിപ്പനി പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന പരിശോധന തുടരുമെന്നാണു റിപ്പോർട്ടുകൾ.

സൗദി അറേബ്യ ഇന്ത്യൻ പൗൾട്രി ഉൽപന്നങ്ങളുടെ പ്രധാന അന്താരാഷ്ട്ര വിപണികളിലൊന്നാണ്. വിലക്ക് നടപ്പായതോടെ ഇന്ത്യൻ കമ്പനികൾക്കും അനുബന്ധ വ്യവസായങ്ങൾക്കും തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മേഖലയിലെ സംഘടനയായ Poultry Indiaയുടെ കണക്കുകൾ പ്രകാരം, നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് 149 മില്യൺ ഡോളർ വിലവരുന്ന ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മുൻ വർഷത്തെ അതേ കാലയളവിൽ ഇത് 71.6 മില്യൺ ഡോളർ മാത്രമായിരുന്നു.