ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ രാജ്യാന്തര കമ്പനികൾക്ക് മോദിയുടെ ക്ഷണം

അതിവേഗം വളരുന്ന ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര കമ്പനികളെ ക്ഷണിച്ചു. ഡൽഹിയിൽ നടക്കുന്ന അയാട്ട വാർഷിക സമ്മേളനത്തിലാണ് മോദി രാജ്യാന്തര വിമാനക്കമ്പനികളുടെ മേധാവികളെ അടക്കം അഭിസംബോധന ചെയ്തത്.

ലളിതമായ നടപടിക്രമങ്ങൾ, നിയന്ത്രണം, നികുതിഘടന എന്നിവയാണ് ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതിന്റെ കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിമാന മെയ്ന്റനൻസിനുള്ള (എംആർഒ) രാജ്യാന്തര ഹബ്ബായി ഇന്ത്യയെ മാറ്റും. 2014ൽ 96 മെയ്ന്റനൻസ് സൗകര്യങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. അതിപ്പോൾ 154 എണ്ണമായി വർധിച്ചു. ഈ മേഖലയിൽ 100% വിദേശനിക്ഷേപം അനുവദിച്ചതുവഴി 2030ൽ 400 കോടി ഡോളർ മൂല്യമുള്ള ഹബ്ബായി മാറുമെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ ഒരു വർഷം 24 കോടി വിമാനയാത്രക്കാരുണ്ട്.
ഇത് 2030ൽ 50 കോടിയാകും. 35 ലക്ഷം മെട്രിക് ടൺ കാർഗോയാണ് നിലവിൽ ഇന്ത്യൻ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത് 2030ൽ ഒരു കോടി മെട്രിക് ടൺ ആയി മാറും. 2014ൽ 74 വിമാനത്താവളങ്ങളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 162 എണ്ണമായെന്നും അദ്ദേഹം പറഞ്ഞു