ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു.
ഏറ്റവുമൊടുവിലായി ഓൺലൈൻ ട്രാവൽ കമ്പനിയായ ഈസിമൈട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവച്ചു ‘ഈസിമൈട്രിപ്പ് ‘ മാലിദ്വീപിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പുറമേ ലക്ഷദ്വീപ് സന്ദർശിക്കാനുള്ള ഓൺലൈൻ കാമ്പെയ്നും കമ്പനി ആരംഭിച്ചിട്ടുണ്ട്. ദില്ലിയിലാണ് ഈസിമൈട്രിപ്പിന്റെ ആസ്ഥാനം. ലക്ഷദ്വീപ് സന്ദർശനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഓഫറുകൾ കൊണ്ടുവരുമെന്നും ഈസി മൈട്രിപ്പ് വ്യക്തമാക്കി. മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. മാലിദ്വീപിന്റെ ജിഡിപിയുടെ ഏകദേശം 25% ടൂറിസത്തിൽ നിന്നാണ്. മാലിദ്വീപ് അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2023 നവംബറിൽ മാത്രം 18,905 ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്ത് എത്തി.
ഉത്തരവാദപ്പെട്ട മന്ത്രിമാർ തന്നെ ഇന്ത്യയെ പ്രകോപിപ്പിച്ചത് മാലദ്വീപ് ടൂറിസത്തിന് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഓരോ വർഷവും മാലദ്വീപ് സന്ദർശിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഭാഷ
ഉപയോഗിച്ച മാലദ്വീപ് മന്ത്രിമാരുടെ കസേര തെറിച്ചത് മിന്നൽ വേഗത്തിലാണ്. മാലദ്വീപ് മന്ത്രി മറിയം ഷിവുന തുടങ്ങിവെച്ച അധിക്ഷേപം വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകും എന്ന് കണ്ടാണ് മാലദ്വീപ് എത്രയും വേഗം തിരുത്തൽ നടപടി സ്വീകരിച്ചത്. പക്ഷെ അതുകൊണ്ടൊന്നും ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്ന മാലദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല. വിനോദസഞ്ചാരം മുഖ്യ വരുമാന മാർഗങ്ങളിൽ ഒന്നായ മാലദ്വീപിൽ ഓരോ വർഷവും 16 ലക്ഷം സഞ്ചാരികൾ എത്തുന്നുണ്ട്.
ആകെ അഞ്ചു ലക്ഷം ജനങ്ങൾ മാത്രമുള്ള മാലദ്വീപിൽ ഇരുപത്തി അയ്യായിരം പേർ ടൂറിസം മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. മാലദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 28 ശതമാനം വിനോദസഞ്ചാരത്തിൽ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപിൽ എത്തുന്ന സഞ്ചാരികളിൽ 16 ശതമാനം ഇന്ത്യക്കാരാണുള്ളത്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് ഏറെ അടുത്ത ഈ ദ്വീപ സമൂഹത്തോട് എന്നും സഞ്ചാരപ്രിയരായ ഇന്ത്യക്കാർക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു. ആ ടൂറിസം സഹകരണത്തെയാണ് മാലദ്വീപ് മന്ത്രിയുടെ വിവാദ പരാമർശം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വിവാദം ചൂടുപിടിച്ചതോടെ ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലദ്വീപിനേക്കാൾ മനോഹര ഇടമായി ലക്ഷദ്വീപിനെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി.
താരങ്ങള്‍ അടക്കം ബോയ്കോട്ട് മാലിദ്വീപ് ക്യാംപെയിന് പിന്തുണ നല്‍കിയതോടെ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി മാലദ്വീപ്. അതിവേഗം മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് വിവാദം ഒതുക്കാന്‍ ശ്രമിച്ചതും അതുകൊണ്ടുതന്നെ. വിവാദം എന്തായാലും ഗുണം ചെയ്തിരിക്കുന്നത് നമ്മുടെ ലക്ഷദ്വീപിനാണ്. വിവാദത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ ലക്ഷദ്വീപിലേക്ക് കൂടുതൽ എത്തി. ലക്ഷദ്വീപ് ടൂറിസം വികസിച്ചാല്‍ അത് ഭാവിയില്‍ മാലദ്വീപിന് തിരിച്ചടിയാകുമെന്ന ഭയത്തിൽ നിന്നാണ് സത്യത്തിൽ മാലദ്വീപ് മന്ത്രിമാരുടെ പ്രതികരണം ഉണ്ടായത്. എന്നാൽ അവർ അഭിപ്രായം പറയാൻ ഉപയോഗിച്ച ഭാഷ എല്ലാ രാജ്യാന്തര മര്യാദകളും ലംഘിക്കുന്നതായി. അത് ഇന്ത്യയുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമാവുകയും ചെയ്തു. ടൂറിസം മേഖലയിൽ മാത്രമല്ല മറ്റു ഒട്ടേറെ മേഖലകളിൽ ഇന്ത്യയും മാലദ്വീപും തമ്മിൽ പതിറ്റാണ്ടുകളുടെ സഹകരണം ഉണ്ട്. അതിനെയൊക്കെ ബാധിക്കും വിധത്തിലായി മാലദ്വീപ് മന്ത്രിമാരുടെ പെരുമാറ്റം.

