സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎൽ പദ്ധതിയിൽ വമ്പൻ നിക്ഷേപത്തിന് നീക്കം

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അറേബ്യൻ ഓയിൽ കമ്പനി — സൗദി അറാംകോ — ദക്ഷിണേന്ത്യയിൽ വമ്പൻ നിക്ഷേപവുമായി രംഗത്തിറങ്ങുന്നു. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിക്കാൻ ഒരുങ്ങുന്ന പുത്തൻ റിഫൈനറി–പെട്രോകെമിക്കൽ പദ്ധതിയിൽ 20 ശതമാനം ഓഹരി സ്വന്തമാക്കാനാണ് അറാംകോയുടെ നീക്കം.

ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപമാണ് സൗദി അറാംകോ നടത്താൻ സാധ്യത. പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും ചില ബാങ്കുകളും പങ്കാളികളാകുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ രാമയ്യപട്ടണം തുറമുഖത്തിന് സമീപം 96,000 കോടി രൂപയുടെ നിക്ഷേപത്തോടെ റിഫൈനറി–കം–പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കാനാണ് ബിപിസിഎലിന്റെ പദ്ധതി. നിർമാണച്ചെലവ് ഒരു ലക്ഷം കോടി രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിക്കായി ആന്ധ്രാപ്രദേശ് സർക്കാർ ഇതിനകം 6,000 ഏക്കർ ഭൂമി കൈമാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട് സൗദി അറാംകോയോ ബിപിസിഎല്ലോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇന്ത്യയിലെ വർധിച്ചുവരുന്ന ഇന്ധന ആവശ്യകത നിറവേറ്റുന്നതിനും പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനുമായാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവർഷം 9 മുതൽ 12 ദശലക്ഷം ടൺ വരെ സംസ്കരണ ശേഷിയുള്ളതായിരിക്കും ആന്ധ്രാപ്രദേശിലെ പ്ലാന്റ്. ഓയിൽ ഇന്ത്യക്ക് 10 ശതമാനം ഓഹരി ലഭിക്കാനാണ് സാധ്യത. ബാങ്കുകൾക്ക് 4–5 ശതമാനം വരെ ഓഹരികൾ നൽകാനും ബിപിസിഎൽ ആലോചിക്കുന്നുണ്ട്. മൊത്തത്തിൽ 30–40 ശതമാനം ഓഹരികൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിന് പുറമെ, ഗുജറാത്തിൽ ഒഎൻജിസി സ്ഥാപിക്കുന്ന പുതിയ എണ്ണശുദ്ധീകരണ ശാലയിലും നിക്ഷേപം നടത്താൻ സൗദി അറാംകോ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 2019ൽ ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 100 ബില്യൺ ഡോളർ (ഏകദേശം 8.9 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് അറാംകോ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ആന്ധ്രാപ്രദേശിലെ പദ്ധതിയെയും വിലയിരുത്തുന്നത്.കഴിഞ്ഞ ഏപ്രിലിൽ സൗദി അറേബ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന അറാംകോയുടെ നൂതന എണ്ണശുദ്ധീകരണ സാങ്കേതികവിദ്യകൾ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് അധിക നേട്ടമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണവിതരണക്കമ്പനിയായ ബിപിസിഎൽക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.44 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 6,443 കോടി രൂപയുടെ ലാഭവും കമ്പനി നേടി. കൊച്ചി, മുംബൈ, ബിന (മധ്യപ്രദേശ്) എന്നിവിടങ്ങളിലായി മൂന്ന് എണ്ണശുദ്ധീകരണ ശാലകളാണ് നിലവിൽ ബിപിസിഎല്ലിനുള്ളത്.മുന്പ് ബിപിസിഎലിന്റെ 52.98 ശതമാനം ഓഹരികൾ (മൂല്യം 46,200 കോടി രൂപ) വിൽക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നെങ്കിലും ആ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വ്യാപാരം തുടരുമ്പോൾ 0.65 ശതമാനം നഷ്ടത്തോടെ 370.95 രൂപയിലാണ് ബിപിസിഎൽ ഓഹരി വ്യാപാരം നടത്തുന്നത്.